വയോജനങ്ങളുടെ സ്‌നേഹസൗഹൃദ വേദിയായി കാല്‍വരിമൗണ്ട് ടൂറിസം ഫെസ്റ്റ്

post

വാര്‍ധക്യത്തിന്റെ അവശതകളും ഒറ്റപ്പെടലും അനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് സ്നേഹ സൗഹൃദങ്ങള്‍ പുതുക്കാനും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനുമുള്ള വേദിയായി കാല്‍വരിമൗണ്ട് ടൂറിസം ഫെസ്റ്റ്. ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ജനുവരി 30 വരെ കാല്‍വരിമൗണ്ടില്‍ നടക്കുന്ന ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെയും ടൂറിസം ഫെസ്റ്റിന്റെയും ഭാഗമായി സംഘടിപ്പിച്ച 'നമ്മളറിയാന്‍' വയോജന സംഗമമാണ് പ്രായമായവരുടെ ഒത്തുചേരലിന് അവസരമൊരുക്കിയത്.

ജില്ലാ അസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കാമാക്ഷി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം അധ്യക്ഷനായി. കാമാക്ഷി ഗ്രാമപഞ്ചായത്ത് ആദ്യകാല ഭരണസമിതിയഗം ജോണ്‍ മൂലേപ്പറമ്പിലിനെയും 90 വയസിനു മുകളില്‍ പ്രായമുള്ള ആദ്യകാല കുടിയേറ്റക്കാരായ അഞ്ച് വയോധികരെയും ചടങ്ങില്‍ സി.വി വര്‍ഗീസ് പൊന്നാടയണിയിച്ച് ആദരിച്ചു.

തുടര്‍ന്ന് നടന്ന തിരുവാതിരക്കളി, നാടന്‍പാട്ട്, ശാസ്ത്രീയ സംഗീതം, പ്രച്ഛന്നവേഷം, കോമഡി സ്‌കിറ്റ്, സാരിയുടുപ്പിക്കല്‍, തൊപ്പി കൈമാറല്‍ തുടങ്ങിയ മത്സരങ്ങളില്‍ തങ്ങളുടെ പ്രായത്തെയും ശാരീരിക അവശതകളെയും വെല്ലുന്ന കലാപ്രകടനങ്ങളാണ് വയോജനങ്ങള്‍ കാഴ്ചവെച്ചത്. ഐ സി ഡി എസ് ഓഫീസര്‍ നിജ നജീബ് വിഷയാവതരണം നടത്തി. ഡോ. ജ്യോതിസിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച ആയുര്‍വേദ നേത്ര പരിശോധന ക്യാമ്പും ഇതോടൊപ്പം നടന്നു. കലാപരിപാടികളില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങള്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കി.