സ്ഫടികം ചിറ നവീകരിച്ചു

ഉപയോഗശൂന്യമായിക്കിടന്ന സ്ഫടികം ചിറ തെളിഞ്ഞു. ജലസംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്തിന്റെ വിഹിതമായി 25 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ 10 ലക്ഷം രൂപയുമാണ് ചിറ സംരക്ഷണത്തിനായി വകയിരുത്തിയത്.
മാള പഞ്ചായത്തിലെ മൂന്നാം വാർഡ് അണ്ണല്ലൂർ ശിവക്ഷേത്രത്തിൻറെ സമീപത്തായാണ് വർഷങ്ങൾ പഴക്കമുള്ള സ്ഫടികം ചിറ. ഒന്നേക്കാൽ ഏക്കർ വരുന്ന ചിറയിലെ പുല്ലും ചണ്ടിയും ചെളിയും നീക്കം ചെയ്ത് വശങ്ങൾ കെട്ടിയാണ് സംരക്ഷിച്ചത്. നവീകരണത്തിലൂടെ പ്രദേശത്തെ പ്രധാന ശുദ്ധജല സ്രോതസ്സാക്കി സ്ഫടികം ചിറയെ മാറ്റുകയാണ് ലക്ഷ്യം. ചിറയിൽ വെള്ളം സമൃദ്ധമാകുമ്പോൾ പരിസരപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. മാള, ആളൂർ പഞ്ചായത്തുകളിലെ കർഷകർക്കും പ്രയോജനം ലഭിക്കും.