കണ്ണൂര്‍ പുഷ്‌പോത്സവം-23 ജനുവരി 25ന് തുടങ്ങും

post

കണ്ണൂർ: ജില്ലാ അഗ്രി ഫോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവം-23 ജനുവരി 25ന് തുടങ്ങും. പൊലീസ് മൈതാനിയില്‍ വൈകിട്ട് അഞ്ചു മണിക്ക് ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറുടെ അധ്യക്ഷതയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മീഡിയ ചേമ്പറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരി 25ന് ആരംഭിച്ച് ഫെബ്രുവരി ആറിന് സമാപിക്കുന്ന പുഷ്‌പോല്‍സവത്തില്‍ വിവിധ ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നഴ്‌സറികള്‍ ഒരുക്കുന്ന വൈവിധ്യമാര്‍ന്നതും ആകര്‍ഷണീയവുമായ സ്റ്റാളുകള്‍ മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചെടികളും പച്ചക്കറി ഫലവൃക്ഷത്തൈകളും മറ്റു നടീല്‍ വസ്തുക്കളും ഔഷധസസ്യങ്ങളും മിതമായ നിരക്കില്‍ ഇവിടെ ലഭ്യമാകും. ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും തൈകള്‍, ജൈവവളം, ജൈവ കീടനാശിനികള്‍, പൂച്ചട്ടികള്‍, മണ്‍പാത്രങ്ങള്‍, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും പുഷ്‌പോത്സവ നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.

ആറളം ഫാം, കരിമ്പന്‍ ഫാം, കൃഷിവകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ബിഎസ്എന്‍എല്‍, അനര്‍ട്ട്, കേരള ക്ലേസ് ആന്‍ഡ് സെറാമിക്‌സ് പ്രൊഡക്ട് ലിമിറ്റഡ്, റെയിഡ്‌കോ എന്നിവയുടെ പവലിയനുകളും, ഫുഡ് കോര്‍ട്ടും മേളയിലുണ്ടാകും. കേരളത്തിലെയും പൂന, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിച്ച പൂച്ചെടികളും പുല്‍ത്തകിടികളും ഉപയോഗിച്ച് പതിനായിരത്തിലേറെ ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഉദ്യാനം പുഷ്‌പോത്സവ നഗരിയിലെ ഏറ്റവും വലിയ ആകര്‍ഷണമാകും. ജലധാര, മുള കൊണ്ടുള്ള പാലം, ആദിവാസി കലാകാരന്മാര്‍ നിര്‍മിച്ച ആദിവാസി കുടില്‍, ടെറേറിയം, ഫോട്ടോ ബൂത്ത്, ബോണ്‍സായി ശേഖരം, പ്രവേശന കവാടത്തില്‍ ഒരുക്കുന്ന പ്രത്യേക ക്രമീകരണങ്ങള്‍ തുടങ്ങിയവയും ഉണ്ടാകും.

വിദ്യാലയങ്ങള്‍ വീടുകള്‍ സ്ഥാപനങ്ങള്‍ പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ തയ്യാറാക്കുന്ന പച്ചക്കറി, പഴം, പൂന്തോട്ടങ്ങള്‍ എന്നിവയുടെയും പുഷ്പാലങ്കാരം, വെജിറ്റബിള്‍ കാര്‍വിങ്, പാചകം, സലാഡ് അറേഞ്ച്‌മെന്റ്, മൈലാഞ്ചി ഇടല്‍, കൊട്ട-ഓല മെടയല്‍, പുഷ്പരാജ റാണി, പുഞ്ചിരി, കാര്‍ഷിക ഫോട്ടോഗ്രാഫി, മൊബൈല്‍ ഫോട്ടോഗ്രാഫി, കാരിക്കേച്ചര്‍ തുടങ്ങിയവയുടെയും മത്സരങ്ങളും നടത്തും. ഏറ്റവും നല്ല പവലിയനുകള്‍ പ്രദര്‍ശിപ്പിക്കുന്ന നഴ്‌സറി സ്റ്റാളുകള്‍ക്കായുള്ള മത്സരവും സംഘടിപ്പിക്കും. വിവിധ ദിവസങ്ങളിലായി കാര്‍ഷിക ഉല്‍പാദന മേഖല നേരിടുന്ന വെല്ലുവിളികള്‍, പച്ചക്കറി കൃഷിയിലെ നൂതന പ്രവണതകള്‍, നാളികേരത്തില്‍ മൂല്യവര്‍ധിത സാധ്യതകള്‍, പഴവര്‍ഗ്ഗ കൃഷിയിലെ നവാഗതര്‍ തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍, വനിതാ കര്‍ഷക സംഗമം, കുട്ടി കര്‍ഷകസംഗമം എന്നിവയും നടത്തും.

ലഹരിക്കെതിരെയുള്ള ക്യാമ്പയിനിന്റെ ഭാഗമായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ 'യോദ്ധാവ്' മെഗാഷോയും വിവിധ കലാപരിപാടികളും അരങ്ങേറും. സൊസൈറ്റിയുടെ സാരഥികള്‍ ആയിരുന്ന എസ് ഇസ്മയില്‍ ഷാ, മീരാ പ്രഭാകരന്‍ എന്നിവരെ ജനുവരി 26ന് വൈകിട്ട് പുഷ്‌പോത്സവ നഗരിയില്‍ ആദരിക്കും. ഇതോടൊപ്പം സ്‌കൂള്‍ യുവജനോത്സവ പ്രതിഭകളുടെ സംഗമവും സംസ്ഥാന കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിലെ പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും നടക്കും.