മാലിന്യ സംസ്‌കരണം; പൂര്‍ണ്ണ ലക്ഷ്യത്തിന് ജനപ്രതിനിധികളുടെ സഹായം തേടും

post

കണ്ണൂർ: മാലിന്യ സംസ്‌കരണ മേഖലയില്‍ നൂറ് ശതമാനം ലക്ഷ്യം നേടാന്‍ ഹരിത കര്‍മ്മ സേനയോടൊപ്പം ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളെയും രംഗത്തിറങ്ങാന്‍ ജില്ലാതല യോഗം തീരുമാനിച്ചു. വീടുകളിലെയും സ്ഥാപനങ്ങളിലെയും പാഴ്വസ്തുക്കള്‍ പൂര്‍ണമായും ശേഖരിച്ചു തരംതിരിക്കുന്നതിനും യൂസേഴ്‌സ്ഫീ ശേഖരിക്കുന്നതിനുമായ ക്യാമ്പയിന്‍ ജില്ലയില്‍ ഉടന്‍ ആരംഭിക്കുവാനും ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മ സേനാ കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ എന്നിവരുടെ യോഗത്തില്‍ തീരുമാനിച്ചു.

അഡീഷണല്‍ ഡവലപ്പ്മെന്റ് കമ്മീഷണര്‍ അബ്ദുള്‍ ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. യൂസേഴ്‌സ്ഫീ സംബന്ധിച്ച് പരാതികള്‍ പരിഹരിക്കാന്‍ വ്യാപാരി വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. യൂസേഴ്‌സ്ഫീ നല്‍കാത്തവരുടെ പട്ടിക ഗ്രാമസഭയില്‍ വായിക്കാന്‍ സംവിധാനം ഉണ്ടാക്കും. യൂസേഴ്‌സ്ഫീ നല്കാത്തവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേര് വിവരം വെളിപ്പെടുത്തും.

യൂസേഴ്‌സ്ഫീ സംബന്ധിച്ച തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജനപ്രതിനിധികള്‍ ഹരിത കര്‍മ്മസേനയോടൊപ്പം വീടുകള്‍ സന്ദര്‍ശിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു. ഇതിന് പുറമേ യൂസേഴ്‌സ്ഫീ സംബന്ധിച്ച് റസിഡന്‍ഷ്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.

കക്കൂസ് മാലിന്യം അലക്ഷ്യമായി തളളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിനോട് അഭ്യര്‍ഥിക്കും. ഹരിത പെരുമാറ്റ ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ യോഗം കര്‍മപദ്ധതി തയ്യാറാക്കി.