ആളം ദ്വീപിലേക്കുള്ള പാലം പൂർത്തിയായി

post

യാഥാര്‍ത്ഥ്യമാവുന്നത് ആളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നം

മലപ്പുറം: മാറഞ്ചേരി പഞ്ചായത്തിലെ ആളം ദ്വീപ് നിവാസികളുടെ സ്വപ്നം യാഥ്യാര്‍ത്ഥമായി. ദ്വീപിലേക്കുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. പാലം ഫെബ്രുവരിയില്‍ ഗതാഗതത്തിനായി തുറന്നു നല്‍കും. 5.5 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രണ്ടര മീറ്റര്‍ വീതിയില്‍ നടപ്പാതയടക്കം ഏഴര മീറ്റര്‍ വീതിയിലും 75 മീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്.

25 മീറ്റര്‍ നീളത്തിലുള്ള മൂന്ന് സ്പാനുകളാണ് പാലത്തിനു ഉണ്ടാകുക. ഇരുവശത്തുമായി 860 മീറ്റര്‍ അപ്രോച്ച് റോഡുമുണ്ട്. നിലവില്‍ പാലത്തിന്റെ നടപ്പാത, കൈവരികള്‍, റോഡ് സേഫ്റ്റി വര്‍ക്കുകള്‍, അപ്രോച്ച് റോഡിന്റെ ടാറിങ്, പെയിന്റിങ് ഉള്‍പ്പടെയുള്ള പ്രവൃത്തികളും പൂര്‍ത്തിയായി.

ബിയ്യം കായലിനോട് ചേര്‍ന്ന് നാലു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ആളം ദ്വീപില്‍ താമസിക്കുന്ന 120 ഓളം കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസിലേക്കും വിവിധ പ്രദേശങ്ങളിലേക്കും പോകാന്‍ ഏറെ പഴക്കമുള്ള പഴയ പാലമായിരുന്നു ഏക ആശ്രയം. മുമ്പുണ്ടായിരുന്ന വീതി കുറഞ്ഞ പാലം കാലപ്പഴക്കത്താല്‍ തകര്‍ന്നതോടെ പലതവണ താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും വെള്ളപ്പൊക്കത്തില്‍ ഇതെല്ലാം ഒലിച്ചുപോയിരുന്നു. നിലവിലെ ഏഴ് മീറ്റര്‍ റോഡിന് അനുസൃതമായി പാലം നിര്‍മിക്കാന്‍ പ്ലാനും എസ്റ്റിമേറ്റും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ആവശ്യമായ തുകയും അനുവദിച്ച് സാങ്കേതിക തടസങ്ങള്‍ നീക്കിയാണ് പാലം യാഥാർത്ഥ്യമാക്കിയത്.