റിപ്പബ്ലിക് ദിനം: ജില്ലയിൽ വിപുലമായ ആഘോഷങ്ങൾ

post

റിപ്പബ്ലിക് ദിനത്തിൽ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ രാവിലെ 9ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയ പതാക ഉയര്‍ത്തും. രാവിലെ 7.15 ന് മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രഭാതഭേരിയോടെയാണ് ജില്ലയിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. 10 വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രഭാതഭേരിയില്‍ പങ്കെടുക്കും.

സിവില്‍ സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചതിന് ശേഷമാണ് വിശിഷ്ടാതിഥി പതാക ഉയര്‍ത്തുന്നതിനായി പരേഡ് ഗ്രൗണ്ടിലെത്തുക. പതാക ഉയര്‍ത്തിയ ശേഷം വിശിഷ്ടാതിഥി വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. എം.എസ്.പി അസി. കമാന്‍ഡന്റ് പി.എ കുഞ്ഞുമോന്‍ പരേഡിന് നേതൃത്വം നല്‍കും. പി. ബാബുവാണ് പരേഡിലെ സെക്കന്റ് ഇന്‍ കമാന്‍ഡര്‍. എം.എസ്.പി, പ്രാദേശിക പൊലീസ്, സായുധ റിസര്‍വ് പൊലീസ്, എക്‌സൈസ്, വനിതാ പൊലീസ്, ഫോറസ്റ്റ്, ഫയര്‍ ഫോഴ്‌സ്, എന്‍.സി.സി, ജൂനിയര്‍ എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, എസ്.പി.സി (ബോയ്‌സ് ആന്റ് ഗേള്‍സ്) തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നായി 30 പ്ലറ്റൂണുകളാണ് പരേഡില്‍ പങ്കെടുക്കുക. 9.40 ന് പരേഡ് സമാപിക്കും.

ബാന്റ് സെറ്റുകളുടെയും സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് മാര്‍ച്ച് പാസ്റ്റിന്റെയും മറ്റും അകമ്പടിയോടെ നടക്കുന്ന പ്രഭാതഭേരിയില്‍ മികച്ച പ്രകടനം നടത്തുന്ന ടീമിനും പരേഡില്‍ മികച്ച പ്രകടനം നടത്തുന്ന വിഭാഗങ്ങള്‍ക്കും റോളിങ് ട്രോഫികള്‍ സമ്മാനിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍ അലങ്കരിക്കും.