ഭരണഘടനാ സംരക്ഷണം പൗരന്റെ അനിവാര്യമായ കര്‍ത്തവ്യം

post

കാസര്‍കോട്: രാജ്യത്തിന്റെ പരമാധികാര സ്വത്വവും പൗരന്‍മാരുടെ അവകാശങ്ങളും, സംസ്ഥാനങ്ങളുടെ അധികാരങ്ങളും ഭരണഘടനയുടെ ഉറപ്പുകളാണെന്നും ഈ ഭരണഘടനക്ക് ഏല്‍ക്കുന്ന ചെറിയ പരിക്കുപോലും രാജ്യത്തിന്റെ ഹൃദയത്തിനേല്‍ക്കുന്ന അപരിഹാര്യമായ ക്ഷതമായിരിക്കുമെന്നും തുറമുഖം, പുരാരേഖ, പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

നാമേവരും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഭരണഘടന അതിരൂക്ഷമായി അക്രമിക്കപ്പെടുകയാണ്. അത് മാറ്റിയെഴുതണം എന്ന മുറവിളികള്‍ വരെ ഉയര്‍ന്നുവരുന്നുണ്ട്. ആരോണോ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍, അവരില്‍ നിന്നുതന്നെ ധ്വംസനവാസന പ്രകടമാകുമ്പോള്‍, ഈ രാജ്യത്തെ ഏതൊരു പൗരന്റെയും അനിവാര്യമായ കര്‍ത്തവ്യമായി ഭരണഘടനാ സംരക്ഷണം മാറുകയാണ്. നാനാജാതി മതസ്ഥരും, മതമില്ലാത്തവര്‍ക്കും ഉള്‍പ്പെടെ എല്ലാ പൗരന്‍മാര്‍ക്കും ഭയരഹിതമായി ഇവിടെ വസിക്കുവാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഒരു ഭാഷയും, ഒരു സംസ്‌കാരവും, ഒരു ജനതയും മാത്രമുള്ള ഏകാധിപത്യ രാജ്യമല്ല ഇന്ത്യ. മറിച്ച് വിവിധഭാഷകളും, വിവിധ ജനങ്ങളും സംസ്‌കാരങ്ങളുമുള്ള ബഹുസ്വരതയാണ് ഇന്ത്യയുടെ സവിശേഷത.

നാനാത്വത്തില്‍ ഏകത്വമെന്ന് സംജ്ഞകൊണ്ടാണ് നാം ഇതിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ജനാധിപത്യത്തിന്റെ മുഖമുദ്രയാണ് സ്വാതന്ത്ര്യം. ജീവനും സ്വത്തിനും അഭിപ്രായത്തിനും ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കുമെല്ലാമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. സ്ത്രീക്കും പുരുഷനും മാത്രമല്ല ഭിന്ന ലിംഗക്കാര്‍ക്കും ഈ അവകാശങ്ങളുണ്ട്. അതുപോലെ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഈ അവകാശങ്ങളുണ്ട്. ഈ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുവാന്‍ ആര് ശ്രമിച്ചാലും, അത് ഇന്ത്യയെന്ന മഹത്തായ ആശയത്തോടുള്ള അവഹേളനമാണെന്നത് അവിതര്‍ക്കിതമാണ്. സഹിഷ്ണുതയിലും, മതേതരത്വത്തിലും പരസ്പര വിശ്വാസത്തിലും ഊന്നി അഖണ്ഡ ഇന്ത്യയുടെ നിലനില്‍പ്പിനായി നാം ഒരുമിച്ച് പോരാടേണ്ടതുണ്ട്.

അതെ സമയം, പരസ്പരം വിശ്വാസമില്ലായ്മയും, വെറുപ്പും, വിധ്വേഷവും മുമ്പെങ്ങുമില്ലാത്തവിധം രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടക്കുകയാണ്. ഇന്ത്യയുടെ ദേശീയത എന്നാല്‍ ഒരു ഭാഷയോ ഒരു മതമോ ഒരു പൊതു ശത്രുവോ അല്ല. അത് 122 ഭാഷകള്‍ സംസാരിക്കുന്ന അനേകം മതങ്ങളും, ദര്‍ശനങ്ങളും, തത്വ ചിന്തകളുമുള്ള 130 കോടി ജനങ്ങള്‍ ഒരേ സംവിധാനത്തിന് കീഴില്‍ ജീവിക്കുന്നു എന്നതാണ്.

ഇന്ത്യ ഒരു സ്വാതന്ത്ര്യ പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിന്റെ വാര്‍ഷികമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള ഭാരതീയര്‍ കൊണ്ടാടുന്നത്. 1949 നവംബര്‍ 26 ന് പൂര്‍ത്തിയായ ഭരണഘടന, 1950 ജനുവരി 26 നാണ് പ്രാബല്യത്തില്‍ വന്നത് എന്ന് നമുക്കറിയാം. 'ജനക്ഷേമ രാഷ്ട്രം' എന്നാണ് റിപ്പബ്ലിക് എന്ന പദത്തിന്റെ അര്‍ത്ഥം. ആ വാക്കിന്റെ അര്‍ത്ഥ വ്യാപ്തിയോട് താദാത്മ്യം പ്രാപിക്കുന്ന വിധം, ജനക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ് നമ്മിലോരോരുത്തരിലും അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം. ഇവിടെ പരമാധികാരം ജനങ്ങള്‍ക്കാണ്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് നിര്‍വ്വഹിക്കാനുള്ള പ്രതിനിധികള്‍ മാത്രമാണ് ഭരണകര്‍ത്താക്കള്‍ എന്ന ബോധ്യം എപ്പോഴുമുണ്ടാകേണ്ടതുണ്ട്. ലോകത്ത് എഴുതി തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഭാരതമാണ്. ഈ ഭരണഘടനയോട് വിശ്വസ്തതയും കൂറും പുലര്‍ത്തുക എന്നത് പരമ പ്രധാനമാണ്.

ഭിന്നാഭിപ്രായങ്ങള്‍ക്ക് കൂടി സ്വാതന്ത്ര്യം അനുവദിക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം വര്‍ദ്ധിക്കുന്നത്. അഭിപ്രായങ്ങളിലെ വൈചാത്യങ്ങള്‍ നിരസ്‌കരിക്കാന്‍ കഴിയില്ല. ആരോഗ്യപരമായ സംവാദങ്ങളും ചര്‍ച്ചകളും സാധ്യമാക്കിയെങ്കില്‍ മാത്രമേ പ്രശ്‌ന പരിഹാരങ്ങള്‍ സാധ്യമാവുകയുള്ളു. സഹിഷ്ണുത എന്നാല്‍ മനസ്സിന്റെ വിശാലത എന്നതോടൊപ്പം, നമ്മുടെ പാരമ്പര്യമായ അഹിംസയുടെ ആത്മാംശം കൂടിയാണ്. വൈവിധ്യപൂര്‍ണവും സുശക്തവുമായ ഭരണഘടനയുള്ള നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയെ നശിപ്പിക്കുവാനും, വിവിധ സംസ്‌കാരങ്ങളുക്കുമേല്‍ കടന്നുകയറ്റം നടത്തി, അവയുടെ അസ്തിത്വത്തെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കങ്ങള്‍ക്കെതിരെ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ജനാധിപത്യ സംവിധാനങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്താനാകണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും, കുടിയിറക്കപ്പെട്ടവരുടെയും പങ്കാളിത്തങ്ങള്‍ കൂടി ഉറപ്പു നല്‍കുന്നതാണ് നമ്മുടെ ഭരണഘടന.

ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തെ വിനാശകരമായ വിഭാഗീതയുടെയും, അതി ഭീകരമായ വിര്‍ഗ്ഗീയതയുടെയും കൊടിയ വിഷ വായുവിന്റെ അഭിശപ്തമായ ധൂമ വലയത്തിലാക്കുവാന്‍ ചില ശക്തികള്‍ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. ഓരോ മനുഷ്യനും ആത്യന്തികമായി അഭിലഷിക്കുന്നത്, അവന്റെ വ്യക്തി ജീവിതത്തിലെ സമാധാനവും, സന്തോഷവും, സഹിഷ്ണുതയും, സഹവര്‍ത്തിത്വവുമാണ്.

അതിന് മതത്തിന്റെയോ, ജാതിയുടെയോ, ഗോത്രത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ മതിലുകളോ പരിമിതികളോ ഇല്ല. മതസ്പര്‍ദ്ദയും, കലഹവും, കലാപവും രാജ്യത്തെ അസ്ഥിരപ്പെടുത്തും. ശാസ്ത്രസാങ്കേതിക വിദ്യകളെ പരിപോഷിപ്പിച്ചും, സൗജന്യ വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കിയും, തൊഴിലാളികളെ ചേര്‍ത്തുപിടിച്ചും, മതഭാഷാ ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തും, സ്ത്രീകളെ ബഹുമാനിച്ചും, അന്ധവിശ്വാസങ്ങള്‍ക്കും, മതാന്ധതക്കുമെതിരെ സമരസപ്പെടാത്ത സമരവീര്യം സൂക്ഷിച്ചും മുന്നേറാനുള്ള പ്രചോദനമാകട്ടെ റിപ്പബ്ലിക് ദിനാഘോഷമെന്ന് മന്ത്രി പറഞ്ഞു.

മികച്ച പ്ലാറ്റൂണുകള്‍ക്ക് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പുരസ്‌കാരങ്ങള്‍ നല്‍കി

74ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് പരേഡില്‍ പൊലീസ് വിഭാഗത്തില്‍ കാസര്‍കോട് ജില്ലാ ആസ്ഥാനത്തെ പ്ലാറ്റൂണിനെ മികച്ച പ്ലാറ്റൂണായി തെരഞ്ഞെടുത്തു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ജവഹര്‍ നവോദയ വിദ്യാലയ ബോയ്‌സ് പെരിയ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജൂനിയര്‍ ഡിവിഷന്‍ എയര്‍ ആന്‍ഡ് നാവല്‍, ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ചിന്‍മയ വിദ്യാലയം വിദ്യാനഗര്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് എന്നിവരും മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള പുരസ്‌കാരം നേടി. തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. 30 പേരടങ്ങുന്ന 17 പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്

ദേശീയതയും സംസ്‌കാരവും വിളിച്ചോതി റിപ്പബ്ലിക് ദിനാഘോഷം

രാജ്യത്തിന്റെ 74ാം റിപ്പബ്ലിക് ദിനത്തില്‍ സ്വാതന്ത്ര്യ സ്മരണകളും ദേശീയതയും സംഗമിക്കുന്ന കലാവേദിയായി മാറി വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയം. റിപ്പബ്ലിക് ദിന പരേഡിന് ശേഷം ജില്ലയിലെ സ്‌കൂളുക, കോളേജുകള്‍, നൃത്ത സംഘങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജവഹര്‍ നവോദയ വിദ്യാലയ പെരിയയിലെയും എം.ആര്‍ എച്ച്.എസ് പരവനടുക്കം സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ ദേശീയോദ്ഗ്രഥന ഗാനങ്ങള്‍ ആലപിച്ചു. ദേശീയതയും സ്വാതന്ത്ര്യ പോരാട്ടവും പ്രമേയമായ ഡിസ്‌പ്ലേയുമായി കുമ്പളയിലെ കൊഹിനൂര്‍ പബ്ലിക് സ്‌കൂളിലെയും പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെയും കുട്ടികള്‍ അരങ്ങിലെത്തി.

യോഗ അഭ്യാസവുമായി വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയ 2 ലെ വിദ്യാര്‍ത്ഥികളെത്തി. വിദ്യാനഗര്‍ലിറ്റില്‍ ലില്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുമ്പളയിലെ വിദ്യാര്‍ത്ഥികള്‍ സംഘനൃത്തവും സംഘഗാനവും അവതരിപ്പിച്ചു. കാസര്‍കോട്യോദ്ധ തയ്‌ക്കോണ്ടോ അക്കാദമിയുടെ തയ്‌ക്കോണ്ടോയും കാണികള്‍ക്ക് വേറിട്ട അനുഭവമായി. ആലാമിക്കളിയുമായി ജനനി നാട്ടറിവ് പഠന കേന്ദ്രം അമ്പലത്തറ വേദിയിലെത്തി. നാട്യമണ്ഡപ മധൂര്‍ ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചു.