35-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 10 മുതല്‍ കുട്ടിക്കാനത്ത്

ഇടുക്കി: 35-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 12ന് രാവിലെ 10ന് പീരുമേട്, കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്നോളജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മാനവരാശിയുടെ ക്ഷേമത്തിന് 'നാനോ സയന്‍സും നാനോ സാങ്കേതിക വിദ്യയും' എന്നതാണ് ഇത്തവണത്തെ പ്രതിപാദ്യ വിഷയം.
സംസ്ഥാനത്തിന്റെ വികസനത്തിന് നാനോ സയന്‍സിലെ ഗവേഷണങ്ങളും പ്രബന്ധങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും ഗവേഷകരും സാങ്കേതിക വിദഗ്ധരും പങ്കുവെയ്ക്കുകയെന്നതാണ് സയന്‍സ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. യുവഗവേഷകര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും അറിവ് പങ്കുവെക്കാന്‍ കോണ്‍ഗ്രസില്‍ അവസരം ലഭിക്കും.
നാനോ സയന്സിന്റേയും നാനോ സാങ്കേതിക വിദ്യയുടെയും വളര്‍ച്ച പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, ഊര്‍ജം, ഗതാഗതം, വാര്‍ത്താവിനിമയം, പരിസ്ഥിതി സംരക്ഷണം എന്നീ രംഗങ്ങളില്‍ വന്‍ വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത നിലയിലേക്ക് നാനോ സയന്‍സ് വളര്‍ന്നിരിക്കുന്നു. ഇവ കൂടുതല്‍ ജനക്ഷേമമാക്കുന്നതിനുള്ള ശ്രമമാണ് സയന്‍സ് കോണ്‍ഗ്രസിലൂടെ ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസിന്റെ ഭാഗമായി ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഗവേഷണ കണ്ടെത്തലുകളുടെ പ്രദര്‍ശനം ഫെബ്രുവരി 10 മുതല്‍ 14 വരെ നടക്കും. കൃഷി-ഭക്ഷ്യോല്പാദനം, ബയോടെക്നോളജി, എന്‍ജിനീയറിങ് ആന്റ് ടെക്നോളജി, പരിസ്ഥിതി വനം വന്യജീവി, മത്സ്യ-മൃഗ പരിപാലനം, പൊതുജനാരോഗ്യം, സ്ഥിതി വിവര ശാസ്ത്രം, ഊര്‍ജം, സാമൂഹ്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാം. ബിരുദാനന്തര ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രജ്ഞരുമായി നേരിട്ടും ഓണ്‍ലൈനായും സംവദിക്കാം.
ദേശീയ വിദ്യാര്‍ഥി കോണ്‍ഗ്രസിലെ സംസ്ഥാന വിജയികളുടെ പ്രബന്ധങ്ങളും സയന്‍സ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. ജില്ലയിലെ ഏഴു മുതല്‍ 12 വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്ക് ഇതില്‍ സംബന്ധിക്കാം. വിദ്യാര്‍ഥികളുടെ വിഭാഗത്തിലും ഗവേഷകരുടെ വിഭാഗത്തിലും മികച്ച പ്രബന്ധം അവതരിപ്പിക്കുന്നവര്‍ക്കും പോസ്റ്റര്‍ തയ്യാറാക്കുന്നവര്‍ക്കും മെരിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഇടുക്കിയിലെ പ്രാദേശിക പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിന് 15-25 നും ഇടയിലുള്ള യുവാക്കള്‍ക്കും കോണ്‍ഗ്രസിലേക്ക് ക്ഷണമുണ്ട്. എറ്റവും മികച്ച പരിഹാരം നിര്‍ദ്ദേശിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവതരിപ്പിക്കുന്ന പ്രബന്ധങ്ങള്‍ സയന്‍സ് കോണ്‍ഗ്രസിനു ശേഷം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആണെങ്കിലും ഇംഗ്ലീഷിലോ മലയാളത്തിലോ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാമെന്നും അധികൃതര്‍ അറിയിച്ചു. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്റ് എന്‍വയണ്‍മെന്റ്, പീച്ചി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനീയറിങ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. വെബ്സൈറ്റ്: ksc.kscte@kerala.gov.iി ഇ-മെയില്‍: 35ksc2023@gmail.com, ഫോണ്‍: 04712548314.