വലിച്ചെറിയല്‍ മുക്ത കേരളം: കാവശ്ശേരിയില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു

വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി കാവശ്ശേരി ഗ്രാമപഞ്ചായത്ത് 'ക്ലീന്‍ കാവശ്ശേരി ഗ്രീന്‍ കാവശ്ശേരി' പദ്ധതിയോടനുബന്ധിച്ച് പ്രദേശത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിന് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. കാവശ്ശേരി പരയ്ക്കാട്ടുകാവിന് സമീപമാണ് സോളാര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് ഇത്തരത്തില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പതിനായിരം രൂപയില്‍ കുറയാതെ പിഴ ഈടാക്കും.
ക്യാമ്പയിന്റെ ഭാഗമായി പരയ്ക്കാട്ട്കാവിന് സമീപത്ത് മാലിന്യമുള്ള സ്ഥലം ശുചീകരിക്കുന്ന പ്രവൃത്തി തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്‍മ്മസേന അംഗങ്ങളും ചേര്‍ന്ന് പൂര്‍ത്തിയാക്കി. പ്രദേശത്തെ മാലിന്യങ്ങള്‍ ക്ലീന്‍ കേരളാ കമ്പനിക്ക് നല്‍കാന്‍ കഴിയുന്ന തരത്തില്‍ കുപ്പിച്ചില്ല്, ചെരുപ്പ്, പഴകിയ തുണി, പ്ലാസ്റ്റിക് കവറുകള്‍ എന്നിങ്ങനെ തരംതിരിച്ച് നാല് ടണ്‍ വരുന്ന അജൈവ പാഴ് വസ്തുക്കള്‍ എം.സി.എഫിലേക്ക് മാറ്റി. വരുംദിവസങ്ങളിലും മാലിന്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തി തുടരും.
പ്രദേശം സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി പൂന്തോട്ടവും ഫലവൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് വരും ദിവസങ്ങളില്‍ നടത്തും. ശുചീകരണ പ്രവര്‍ത്തനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ്‌കുമാര്‍, വാര്‍ഡ് അംഗം ഗോപന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കുഞ്ഞിരാമന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.