മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

പാലക്കാട്: എം.ആർ.ബി.സി (മൂലത്തറ റൈറ്റ് ബാങ്ക് കനാൽ) പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കോരയാർ മുതൽ വരട്ടയാർ വരെയാണ് ഒന്നാംഘട്ടമായി ദീർഘിപ്പിക്കുന്നത്. കിഫ്ബിയിൽ നിന്നുള്ള 262.10 കോടി രൂപ ഉപയോഗിച്ചാണ് കനാൽ ദീർഘിപ്പിക്കൽ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒന്നാംഘട്ടത്തിൽ 6.42 കിലോമീറ്റര്‍ ദൂരത്തിലാണ് കനാല്‍ ദീർഘിപ്പിക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്.
കോരയാർമുതൽ വരട്ടയാർ വരെയുള്ള ഒന്നാംഘട്ട ദീർഘിപ്പിക്കലിന് 12 കോടി രൂപയാണ് ഭൂമിയേറ്റെടുക്കലിനായി ചെലവഴിച്ചത്. 3575 ഹെക്ടർ ഭൂമിയിൽ സുസ്ഥിര ജലസേചനം ലക്ഷ്യമിടുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ പാലക്കാട് ജില്ലയിലെ വരൾച്ചബാധിത പ്രദേശങ്ങളായ കോഴിപതി, എരുത്തിയാമ്പതി പഞ്ചായത്തുകൾക്ക് ഏറെ പ്രയോജനം ലഭിക്കും.
ശരാശരി വാർഷിക മഴ 100 സെന്റിമീറ്ററിൽ താഴെ ലഭിക്കുന്ന ഈ പ്രദേശങ്ങൾ മഴനിഴൽ മേഖലയിൽ സ്ഥിതി ചെയ്യുന്നു. എരുത്തേമ്പതി, കോഴിപതി പഞ്ചായത്തുകൾ വർഷം മുഴുവനും ഉയർന്ന താപനില തുടരുന്ന ഉഷ്ണമേഖലാ വരണ്ട പ്രദേശമാണ്. പദ്ധതി നടപ്പിലാകുന്നതോടുകൂടി കാർഷിക മേഖലയിലെ ഉന്നമനത്തോടൊപ്പം ജലക്ഷാമത്തിനും ശാശ്വത പരിഹാരമാകും.
280 സെ.മീ വ്യാസമുള്ള എം.എസ്.പൈപ്പിലൂടെയാണ് വെള്ളം എത്തിക്കുക. ആക്വഡക്റ്റ് 3510 മീറ്റർ, സൈഫൺ 210 മീറ്റർ, ടണൽ 660 മീറ്റർ തുടങ്ങിയവയാണ് കനാലിന്റെ സവിശേഷതകൾ. ഉയരം കൂടിയ ഭാഗങ്ങളിൽ ലിഫ്റ്റ് ഇറിഗേഷൻ വഴി വെള്ളമെത്തിക്കും. പദ്ധതിയുടെ ഭാഗമായി 14 കുളങ്ങളുടെ പുനരുജ്ജീവനം നടത്തും. വരട്ടയാര്‍ മുതല്‍ വേലന്താവളം വരെയുള്ള പദ്ധതിയുടെ രണ്ടാംഘട്ടം ദീര്‍ഘിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കല്‍ നടപടികൾ പുരോഗമിക്കുന്നു.