വേങ്ങേരി ജംഗ്ഷനിൽ ട്രാഫിക് ഡൈവേർഷൻ ജനുവരി 30 മുതൽ

post

കോഴിക്കോട്: ബൈപ്പാസ് സിക് ലൈനിംഗുമായി ബന്ധപ്പെട്ട് എൻ. എച്ച് 66 ലെ വേങ്ങേരി ജംഗ്ഷനിൽ ജനുവരി 30 മുതൽ ട്രാഫിക് ഡൈവേർഷൻ നടപ്പിലാക്കുന്നു. എ. ഡി.എം സി മുഹമ്മദ് റഫീക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചു ചേർത്തത്. നിർമ്മാണ പ്രവർത്തി നടക്കുമ്പോൾ റോഡ് പൂർണമായും അടച്ചിടേണ്ടി വരുമെന്നും ഇതിനാൽ ഗതാഗതം ബദൽ മാർഗ്ഗത്തിലൂടെ തിരിച്ചു വിടേണ്ടി വരും എന്നും എൻ.എച്ച്.എ.ഐ അറിയിച്ചു.

ജനുവരി 30ന് പ്രവർത്തി ആരംഭിക്കാനും ഇതേ ദിവസം മുതൽ ഗതാഗത നിയന്ത്രണം നടപ്പിൽ വരുത്താനും യോഗത്തിൽ തീരുമാനമായി. ട്രാഫിക് ഡൈവേർഷൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബാലുശ്ശേരി ഭാഗത്തേക്കുള്ള ബസ്സുകളും സ്വകാര്യ വാഹനങ്ങളും കരിക്കാംകുളം- കൃഷ്ണൻ നായർ റോഡ് -മാളിക്കടവ് വഴി തണ്ണീർപന്തലിൽ എത്തിച്ചേർന്ന് പോകണം. ചരക്ക് വാഹനങ്ങളും മറ്റും കാരപ്പറമ്പ് ബൈപ്പാസ്- കുണ്ടൂപറമ്പ് - തണ്ണീർപന്തൽ വഴി ബാലുശ്ശേരി ഭാഗത്തേക്കും തിരികെ അതേ വഴി കോഴിക്കോട്ടേക്കും പോകണം.

ബാലുശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്ന ബസ്സുകൾ തണ്ണീർപ്പന്തൽ -മാളിക്കടവ്- കരിക്കാംകുളം വഴിയും സ്വകാര്യ വാഹനങ്ങൾ മൂട്ടോളിയിൽ നിന്നും തിരിഞ്ഞ് പൊട്ടമുറി- പറമ്പിൽ ബസാർ -തടമ്പാട്ടുതാഴം വഴി കോഴിക്കോട് ഭാഗത്തേക്ക് പോകാനും തീരുമാനമായി. നാഷണൽ ഹൈവേയുമായി ബന്ധപ്പെട്ട പ്രവൃത്തി മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കും. ദേശീയ പാതയിലൂടെയുള്ള ഗതാഗതം പ്രവൃത്തി നടക്കുന്ന സ്ഥലത്ത് ഒരു ഭാഗത്ത് കൂടെ നിയന്ത്രിക്കും. വാഹനങ്ങൾ തിരിച്ചുവിടുന്ന സ്ഥലങ്ങളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കും.