കാൽവരിമൗണ്ടിൽ കായിക പ്രതിഭാ സംഗമം

post

ജില്ലാ രൂപീകരണത്തിൻ്റെ അമ്പതാം വാർഷികത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ സ്പോട്സ് കൗൺസിലും സംയുക്തമായി ജില്ലയിൽ നിന്നുള്ള ഒളിമ്പ്യൻമാരേയും അന്തർദേശീയ, ദേശീയ കായിക പ്രതിഭകളേയും കായിക അധ്യാപകരേയും കായികതാരങ്ങളേയും പങ്കെടുപ്പിച്ച് കായിക മുന്നേറ്റത്തിന് കരുത്തുപകരുന്നതിനായി കാൽവരി മൗണ്ടിൽ കായിക പ്രതിഭാ സംഗമം സംഘടിപ്പിച്ചു. സൈക്കിൾ മാരത്തോൺ, മാരത്തോൺ, കായിക പ്രകടനം, പ്രതിഭാ സംഗമം, ഡോക്യുമെൻ്ററി പ്രകാശനം, കായിക പ്രതിഭകളെ ആദരിക്കൽ എന്നിവയായിരുന്നു സംഗമത്തിൻ്റെ ഭാഗമായി ഒരുക്കിയിരുന്നത്.

കരാട്ടേ കായിക പ്രകടനം, വുഷു ആൻ്റ് ജീത്കുനേതോ കായിക പ്രകടനം, തായിക്വാൻ ഡോ കായിക പ്രകടനം, ജൂഡോ അക്രോമാറ്റിക് ഷോ, ബോഡി ബിൽഡിംഗ് ഷോ, ആം റെസ്ലിംഗ് കായിക പ്രകടനം എന്നിവ വിവിധ കായിക അസോസിയേഷനുകളുടെ നേതൃത്വത്തിൽ നടത്തി. അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ടീമും യുവാക്കളുടെ ടീമും തമ്മിലുള്ള വടംവലി മത്സരം സംഗമത്തിൽ ശ്രദ്ധേയമായിരുന്നു. തുടർന്ന് ഒളിമ്പ്യന്മാരും അന്തർദേശിയ, ദേശിയ കായിക പ്രതിഭകളും കായികാധ്യാപകരും കായികതാരങ്ങളും ചേർന്നുള്ള പ്രതിഭാ സംഗമം നടന്നു. അഡ്വ. എ രാജ എം എൽ എ പ്രതിഭാ സംഗമത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

സംസ്ഥാന സ്പോർട്സ് കൗൺസിലംഗം കെ എൽ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഷീബാ ജോർജ് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ ഖത്തർ ലോകകപ്പ് വിശകലനം ചെയ്ത് അടിമാലി സ്വദേശി സോജൻ തോമസ് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പുകൾ പുസ്ത രൂപത്തിലാക്കിയതിൻ്റെ പ്രകാശനവും പ്രതിഭാ സംഗമ വേദിയിൽ നടന്നു. ഒളിമ്പ്യൻമാരായ ഷൈനി വിൽസൺ, കെ എം ബിനു, പ്രീജാ ശ്രീധരൻ, കായികാധ്യാപകരായ ദോണാചാര്യ കെ പി തോമസ്, പി ആർ രണേന്ദ്രൻ, അന്തർദേശിയ ഫുട്ബോൾ താരം എം വി പ്രദീപ് എന്നിവരെയും കായികരംഗത്ത് വിവിധയിനങ്ങളിൽ കഴിവ് തെളിയിച്ച ദേശീയ - അന്തർദേശീയ തരങ്ങളെയും ജില്ലയിലെ മറ്റു കായിക പ്രതിഭകളെയും സംഗമത്തിൽ ആദരിച്ചു.