ചിറ്റൂരില്‍ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം വാട്ടര്‍ എ.ടി.എമ്മിന് തുടക്കമാകുന്നു

post

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം വാട്ടര്‍ എ.ടി.എം പദ്ധതിക്ക് തുടക്കമാകുന്നു. കുഴല്‍ കിണറില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് 500 ലിറ്റര്‍ ടാങ്കില്‍ സംഭരിച്ച് വാട്ടര്‍ എ.ടി.എം വഴി നല്‍കുന്നതാണ് പദ്ധതി.

നല്ലേപ്പിള്ളി, വടകരപ്പതി, എരുത്തേമ്പതി, പൊല്‍പ്പുള്ളി, എലപ്പുള്ളി പഞ്ചായത്തുകളുടെ കോമ്പൗണ്ടിലും കൊഴിഞ്ഞാമ്പാറ യു.പി സ്‌കൂള്‍ കോമ്പൗണ്ടിലുമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ എ.ടി.എമ്മുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം ചെലവഴിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.

ഒരു യൂണിറ്റിന് അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതി ഉദ്ഘാടനം ഫെബ്രുവരിയോടെ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് അറിയിച്ചു. ജില്ലയില്‍ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം ലഭിക്കുന്ന വാട്ടര്‍ എ.ടി.എം പദ്ധതി തേങ്കുറുശ്ശി പഞ്ചായത്തിലും ആരംഭിച്ചിട്ടുണ്ട്.