നോര്‍ക്ക - കേരളബാങ്ക് പ്രവാസി വായ്പാ മേള: വയനാട്ടിൽ 130 സംരംഭങ്ങൾക്ക് വായ്പാനുമതി

post

വയനാട് ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോര്‍ക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാ മേളയിൽ 130 സംരംഭങ്ങൾക്ക് വായ്പാ അനുമതി നൽകി. സംരംഭവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതോടെ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി എത്രയും വേഗം കേരള ബാങ്ക് ശാഖകൾ വായ്പ നൽകും. 158 അപേക്ഷകരാണ് വായ്പാ മേളയിൽ പങ്കെടുത്തത്. ആദ്യമായാണ് നോർക്ക കേരള ബാങ്കുമായി ചേർന്ന് വായ്പാമേള സംഘടിപ്പിക്കുന്നത്.


നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം ) പദ്ധതി പ്രകാരം കേരള ബാങ്കിൻ്റെ പ്രവാസി കിരൺ വായ്പ പ്രകാരമാണ് മേള സംഘടിപ്പിച്ചത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.