കാട്ടാനശല്യം തടയാൻ വനാതിർത്തിയിൽ സൗരോർജ തൂക്കുവേലി

post

കണ്ണൂർ ജില്ലയിലെ വനാതിർത്തികളിൽ കാട്ടാനയുമായുള്ള സംഘർഷം വർധിച്ച് കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുകയും മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയായി മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത്. വനം വകുപ്പുമായി ചേർന്ന് ആദ്യഘട്ടത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ 11 കിലോമീറ്റർ തൂക്കുവേലി പൂർത്തിയായി കഴിഞ്ഞു. പയ്യാവൂർ മണിക്കടവ് ശാന്തിനഗറിലെ സൗരോർജ തൂക്കുവേലി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ എന്നിവരടങ്ങിയ സംഘം തിങ്കളാഴ്ച സന്ദർശിച്ചു. ഉദയഗിരി, ഉളിക്കൽ, എരുവേശ്ശി ഗ്രാമപഞ്ചായത്തുകളിലും തൂക്കുവേലി സ്ഥാപിക്കും.

ഇതോടെ വനാതിർത്തിയിലെ 41 കിലോമീറ്ററിൽ സൗരോർജ തൂക്കുവേലിയുടെ സംരക്ഷണം ലഭിക്കും. ജില്ലാ പഞ്ചായത്ത് വിഹിതത്തിനൊപ്പം ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ചേർത്താണ് പദ്ധതി നടപ്പിലാക്കുന്നത്. മലയോര ഗ്രാമസഭയിൽ നിന്നും പ്രധാനമായി ഉയർന്നുവന്ന നിർദേശം തൂക്കുവേലി സ്ഥാപിക്കണം എന്നതായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ കെ രത്‌നകുമാരി, അംഗം എൻ പി ശ്രീധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടെസ്സി ഇമ്മാനുവൽ( എരുവേശ്ശി) സാജു സേവ്യർ(പയ്യാവൂർ), കെ എസ് ചന്ദ്രശേഖരൻ(ഉദയഗിരി), പി സി ഷാജി(ഉളിക്കൽ), കണ്ണൂർ ഡി എഫ് ഒ പി കാർത്തിക് എന്നിവരും തൂക്കുവേലി സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.

പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ 11 കിലോ മീറ്ററിൽ തൂക്കുവേലി സ്ഥാപിച്ചതിന് ജില്ലാ പഞ്ചായത്ത് വിഹിതം 45 ലക്ഷവും ഗ്രാമപഞ്ചായത്ത് വിഹിതം 30 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് വിഹിതം അഞ്ച് ലക്ഷവുമാണ്. ഉദയഗിരി ഗ്രാമപഞ്ചായത്തിൽ 11 കിലോ മീറ്ററിലാണ് തൂക്കുവേലി സ്ഥാപിക്കുക. ജില്ലാ പഞ്ചായത്ത് 50 ലക്ഷവും ഗ്രാമപഞ്ചായത്ത് 15 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷവും ലക്ഷം ചെലവഴിക്കും.

ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ 14.5 കിലോ മീറ്ററിലെ തൂക്കുവേലിക്ക് ജില്ലാ പഞ്ചായത്ത് 35 ലക്ഷവും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ അഞ്ച് ലക്ഷം വീതവും ചെലവഴിക്കും. എരുവേശ്ശി ഗ്രാമപഞ്ചായത്തിൽ നാലര കിലോ മീറ്റർ തൂക്കുവേലിക്ക് ജില്ലാ പഞ്ചായത്ത് 35 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 8.25 ലക്ഷവും ഗ്രാമപഞ്ചായത്ത് 5000 രൂപയും ചെലവഴിക്കും.