തൊഴിൽതേടി വിദേശത്തുപോകുന്ന സാഹചര്യം ഇല്ലാതാകും : മന്ത്രി വി. ശിവൻകുട്ടി

post

* ‘തൊഴിലരങ്ങത്തേക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു


തൊഴിൽ തേടി വിദേശത്തേക്കു പോകുന്ന സാഹചര്യം ഇല്ലാതാകുമെന്നും കേരളത്തിലെ മുഴുവൻ യുവജനങ്ങൾക്കും കേരളത്തിൽത്തന്നെ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുകയാണെന്നും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ അഭ്യസ്തവിദ്യരും തൊഴിൽ അന്വേഷകരുമായ സ്ത്രീകളെ തൊഴിൽസജ്ജരാക്കാനായി നടപ്പാക്കുന്ന ‘തൊഴിലരങ്ങത്തേക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


ഈ സർക്കാരിന്റെ കാലത്ത് 20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിൽ നൽകുകയാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തുറകളിൽ വൈവിധ്യമായ പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കുകയാണ്. ആഗോള തൊഴിൽരംഗത്തെ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾ രൂപപ്പെടുത്തുന്നത്. ഓരോ തൊഴിൽ മേഖലയ്ക്കും ആവശ്യമായ വിധത്തിൽ യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകുന്നതിനും പദ്ധതി തയാറാക്കി നടപ്പാക്കിവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 25000ഓളം വനിതകൾ പരിശീലനത്തിനു സജ്ജരായി കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും തൊഴിൽ പരിശീലനം നൽകി തൊഴിൽ മേളകളിൽ എത്തിക്കും. വർക്ക് റെഡിനസ് പ്രോഗ്രാം, പേഴ്സനാലിറ്റി ഡെവലപ്മെന്റ് ട്രെയിനിങ്, റോബോട്ടിക് ഇന്റർവ്യൂ തുടങ്ങിയ സേവനങ്ങൾ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്ഫോമിൽ സൗജന്യമായി നൽകുന്നുണ്ട്.


തിരുവനന്തപുരം ഹോട്ടൽ ഹൈസിന്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം മിനി സുകുമാർ അധ്യക്ഷത വഹിച്ചു. വനിതാ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ വി.സി. ബിന്ദു, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി പി.വി. ഉണ്ണിക്കൃഷ്ണൻ, കേരള നോളഡ്ജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സി. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. തൊഴിലൊരുക്കം എന്ന വിഷയത്തിൽ ലൈഫോളജി സി.ഇ.ഒ. പ്രവീൺ പരമേശ്വർ ക്ലാസെടുത്തു.