കൈറ്റ് മുഖേന സ്‌കൂളുകളിൽ പുതുതായി 36366 ലാപ്‌ടോപ്പുകൾ

post

സംസ്ഥാനത്തെ സർക്കാർ-എയിഡഡ് ഹൈസ്‌കൂളുകളിൽ അടുത്ത മാസത്തോടെ 36366 ലാപ്‌ടോപ്പുകൾ കൈറ്റ് മുഖേന ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈടക് സ്‌കൂൾ സ്‌കീമിൽ ലാബുകൾക്കായി 16500 എണ്ണം, വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 എണ്ണം, വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17506 എണ്ണം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നത്.


കിഫ്ബി ധനസഹായത്തോടെ എട്ട് മുതൽ 12 വരെ ക്ലാസുകളിൽ നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ഇതിനകം 4752 സർക്കാർ-എയിഡഡ് സ്‌കൂളുകളിൽ 59532 ലാപ്‌ടോപ്പുകളും 43739 പ്രൊജക്ടറുകളും 43004 സ്പീക്കറുകളും 21841 സ്‌ക്രീനുകളും 4545 ടെലിവിഷനുകളും 4609 മൾട്ടിഫംഗ്ഷൻ പ്രിന്ററുകളും 4720 HD വെബ് ക്യാമറകളും 4578 ഡിസ്ലർ ക്യാമറകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി 56244 ലാപ്‌ടോപ്പ്, 24381 പ്രൊജക്ടർ, 56240 സ്പീക്കർ എന്നിവയും വിന്യസിച്ചു. മൊത്തം 625 കോടി രൂപയാണ് രണ്ടു പദ്ധതികൾക്കുമായി കിഫ്ബിയിലൂടെ കൈറ്റ് ചെലവഴിച്ചിട്ടുള്ളത്. കിഫ്ബിക്കു പുറമെ പ്രാദേശിക തലത്തിൽ സ്വരൂപിക്കപ്പെട്ട 135.50 കോടി കൂടി ചേർത്താൽ ഈ പദ്ധതിക്ക് ചെലവായ ആകെ തുക 760 കോടി രൂപയാണ്. ഇപ്രകാരം 4.4 ലക്ഷം ഉപകരണങ്ങൾ അഞ്ചു വർഷ വാറണ്ടിയോടെ സ്‌കൂളുകളിലുള്ളതായി മന്ത്രി പറഞ്ഞു.


രണ്ടു ലക്ഷം കമ്പ്യൂട്ടറുകളിൽ കൈറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം 3000 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി 16500 ലാപ്‌ടോപ്പുകൾ നൽകുന്നതിന്റെ ടെണ്ടർ നടപടികൾ മുഴുവൻ പൂർത്തിയാക്കി വിതരണം ആരംഭിച്ചു. Intel Core i3, 11th Generation ലാപ്‌ടോപ്പ് ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്ന ഐ.ടി പ്രായോഗിക പരീക്ഷകൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ വിതരണം പൂർത്തിയാക്കും. ഈ 16500 ലാപ്‌ടോപ്പുകൾക്ക് മാത്രമായി 55.32 കോടി രൂപയാണ് ചെലവഴിക്കുന്നത്.


വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കൈറ്റിന് ലഭിച്ച 1.05 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ലഭിച്ച 2.99 കോടി രൂപയും പ്രയോജനപ്പെടുത്തി മൂന്നു വർഷ വാറണ്ടിയുള്ള 2360 Celeron ലാപ്‌ടോപ്പുകളുടെ വിതരണം ഈ ആഴ്ച പൂർത്തിയായി. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 2021-ൽ സ്‌കൂളുകളുടെ ഉടമസ്ഥതയിൽ കുട്ടികൾക്ക് വിതരണം ചെയ്ത 45313 ലാപ്‌ടോപ്പുകളിൽ ആവശ്യമുള്ളവ അതത് സ്‌കൂളുകളിൽ നിലനിർത്തിയ ശേഷം 17506 ലാപ്‌ടോപ്പുകൾ മറ്റു സ്‌കൂളുകളുടെ ലാബുൾപ്പെടെയുള്ള ഉപയോഗത്തിന് പുതുതായി ലഭ്യമാക്കിയിട്ടുണ്ട്. വയനാട് ജില്ലയിൽ മാത്രം 4746 ലാപ്‌ടോപ്പുകൾ സ്‌കൂളുകൾക്ക് ഇപ്രകാരം പുതുതായി ലഭിച്ചു. മലപ്പുറം (3325), കോഴിക്കോട് (2580), പാലക്കാട് (2382), കാസർകോഡ് (1941) ജില്ലകൾക്കാണ് ഈ വിഭാഗത്തിൽ കൂടുതൽ ലാപ്‌ടോപ്പുകൾ ലഭിച്ചത്.


32000 ലാപ്‌ടോപ്പുകൾക്കുള്ള AMC (Annual Maintenance Contract) രണ്ട് വർഷത്തേക്ക് കൂടി പുതുക്കിയതായും മന്ത്രി ശിവൻകുട്ടി അറിയിച്ചു. ഇതിന്റെ തുടർച്ചയായി വാറണ്ടി കാലാവധി തീരുന്ന 90,000 ലാപ്‌ടോപ്പുകൾക്കും 70,000 പ്രൊജക്ടറുകൾക്കും AMC ഏർപ്പെടുത്താൻ കൈറ്റ് നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിൽ നടപ്പാക്കിയ ഏറ്റവും വലിയ ഐടി പ്രോജക്ടാണ് കേരളത്തിലെ ഹൈടെക് സ്‌കൂൾ-ഹൈടെക് ലാബ് പദ്ധതികളെന്ന് മന്ത്രി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.