പൂന്തുറ ഫിഷ് മാർക്കറ്റ് ആധുനിക രീതിയിൽ നിർമിക്കും

post

തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പൂന്തുറ ഫിഷ് മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 2.37 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഫിഷ് മാർക്കറ്റ് ആധുനിക രീതിയിൽ നിര്‍മ്മിക്കുന്നത്. 6500 സ്ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായാണ് നിർമ്മാണം. ഓപ്പൺ ഹാളും 39 സ്റ്റാളുകളും ഉൾപ്പെടെ മത്സ്യവിപണനത്തിന് വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും മാർക്കറ്റിൽ ഉണ്ടാകും. ഫെബ്രുവരിയില്‍ ടെൻഡർ വിളിച്ച് ഏപ്രില്‍ മാസത്തില്‍ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ മന്ത്രി ആന്റണി രാജു ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരം നഗരസഭ, കിഫ്ബി, തീരവികസന കോര്‍പ്പറേഷന്‍ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും പൂന്തുറ വാര്‍ഡ് കൗണ്‍സിലര്‍ മേരി ജിപ്സിയും യോഗത്തില്‍ പങ്കെടുത്തു.