റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത കേരള എൻ. എസ്. എസ് സംഘത്തിന് അനുമോദനം

post

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കേരള എൻ. എസ്. എസ് സംഘത്തിനെ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അനുമോദിച്ചു.


കേരളത്തിന് ലഭിച്ച അംഗീകാരമാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ലഭിച്ച അവസരമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. കേരളത്തിനും സംസ്ഥാന എൻ എസ് എസ് ഘടകത്തിനും അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.


കേരളത്തിലെ നാഷണൽ സർവ്വീസ് സ്‌കീമിൽ നിന്നും പതിനൊന്നംഗ സംഘത്തിനാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. സംസ്ഥാനത്തെ നാലു ലക്ഷം വോളന്റിയമാരിൽ നിന്നാണ് പത്തു പേർക്കും ഒരു എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കും ഈ സുവർണ്ണാവസരം കൈവന്നത്. ഒരു മാസം നീണ്ടുനിന്ന പരിശീലനത്തിലൊടുവിലാണ് സംഘം റിപ്പബ്ലിക് ദിന പരേഡിൽ ചുവടുവെച്ചത്. പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സന്നദ്ധസേനാ വിഭാഗമാണ് എൻ എസ് എസ്.


പരേഡിൽ പങ്കെടുത്ത സംഘത്തെ കൊല്ലം മാർബസേലിയോസ് മാത്യൂസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ദർശന എസ് ബാബു നയിച്ചു. വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് ഗൗരി എസ് (നിർമ്മല കോളേജ്, മൂവാറ്റുപുഴ), അനശ്വര വിനോദ് (ശ്രീനാരായണ ഗുരു കോളേജ്, ചേളന്നൂർ), മുഹമ്മദ് ലിയാൻ പി (യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം), സൂര്യലാൽ എൻ പി (കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോഴിക്കോട്), അഖിൽ രാജൻ (എൻ എസ് എസ് ഹിന്ദു കോളേജ്, ചങ്ങനാശേരി), ദേവിക മേനോൻ (കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ചേലക്കര), അരുന്ധതി നമ്പ്യാർ (ഗവ. ലോ കോളേജ്, എറണാകുളം), അഞ്ജന കെ മോഹൻ (ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം), പി തരുൺ കുമാർ (വിദ്യാ അക്കാദമി ഓഫ് സയൻസ് & ടെക്‌നോളജി, തൃശ്ശൂർ), സജിൻ കബീർ (ഗവ. ആർട്‌സ് കോളേജ്, തിരുവനന്തപുരം) എന്നീ വിദ്യാർത്ഥികളാണ് പരേഡിൽ പങ്കെടുത്തത്.


ആദരത്തിന് അർഹരായ വോളന്റിയേഴ്‌സിന് മന്ത്രി പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും കുട്ടികൾ പരേഡിൽ പങ്കെടുത്ത അനുഭവങ്ങൾ മന്ത്രിയുമായി പങ്കു വെയ്ക്കുകയും ചെയ്തു. മധുരം നൽകിയാണ് മന്ത്രി വോളന്റിയർ സംഘത്തെ യാത്രയാക്കിയത്.