തനത് കലാരൂപങ്ങള്‍ക്ക് ഒരു പൊതു ഇടം ആവശ്യമാണ്

post

ഇടുക്കി :  ആദിവാസി ഗോത്ര മേഖലകളില്‍ ഉള്‍പ്പെടെ സമൂഹത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന വിവിധങ്ങളായ തനത് കലാരൂപങ്ങള്‍ക്ക് ഒരു പൊതു ഇടം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി .ജെ കുട്ടപ്പന്‍.  കുമളി ഹോളിഡേ ഹോമില്‍ നടന്ന നിറവ്  ഗോത്ര കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം . 'മഴ പെയ്യുമ്പോഴേ നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെടി ഇടിവെട്ടുമ്പോളെ നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെടി,  എന്ന നാടന്‍പാട്ട് വേദിയില്‍ ആലപിച്ചാണ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചത്.തുടര്‍ന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ചിന്താ ജെറോം മുഖ്യ പ്രഭാഷണം നടത്തി.യോഗത്തില്‍ കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ. വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ്, അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ  .എ അബ്ദുല്‍ റസാഖ്, ജനപ്രതിനിധികള്‍,  കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി .അപ്പുക്കുട്ടന്‍, കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ചവറ കെ. എസ് പിള്ള   രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, സംസ്ഥാന ,ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ആദിവാസി വികസനം സമീപനങ്ങളും സാധ്യതകളും എന്ന സെമിനാറിന്റെ ഉദ്ഘാടനം പീരുമേട് എംഎല്‍എ ഇ .എസ് ബിജിമോള്‍ നിര്‍വഹിച്ചു. മലയാളം സര്‍വകലാശാല സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സൂസന്‍ ഐസക് വിഷയം അവതരിപ്പിച്ചു. വിവിധ കലാ സംഘങ്ങളുടെ നേതൃത്തില്‍  കലാരൂപങ്ങളുടെ അവതരണവും വേദിയില്‍ നടന്നു.