കോവിഡ് 19: രണ്ട് ആഴ്ചകൂടി നിര്‍ണായകം

post

പത്തനംതിട്ട : ജില്ലയില്‍ കൊറോണയുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനം ലഭിച്ച പരിശോധനാഫലവും  നെഗറ്റീവെന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. പുതിയതായി രണ്ടുപേരെകൂടി ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ ആരോഗ്യവകുപ്പില്‍ ഡോക്ടറാണ്. എന്നാല്‍ ഇദേഹത്തിന് കൊറോണ ലക്ഷണമുള്ള രോഗികളുമായി നേരിട്ടുബന്ധമില്ല. പനിയുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയ്ക്കാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലേക്കു മാറ്റിയത്. 

ആശുപത്രികളില്‍ നിലവില്‍ 23 പേരാണു നിരീക്ഷണത്തിലുള്ളത്. ഇതില്‍ എട്ടുപേര്‍ വിദേശരാജ്യങ്ങളില്‍നിന്ന് നാട്ടിലെത്തിയവരാണ്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നിന്ന് ഇവിടേക്കു വിദ്യാര്‍ഥികള്‍ എത്തുന്നതായി വിവരം ലഭിച്ചു. ഇവരുമായി  ബന്ധപ്പെട്ടുവരുകയാണ്. നാട്ടിലെത്തിയാല്‍ ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. 

സ്ഥിതി പൂര്‍ണമായും നിയന്ത്രണവിധേയമായെന്നു പറയാറായിട്ടില്ല. മറ്റു രാജ്യങ്ങളിലെ നിലവിലെ അവസ്ഥയനുസരിച്ച്  രണ്ട് ആഴ്ച്ചകൂടി നമ്മള്‍ക്ക് വളരെ നിര്‍ണായകമാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുള്ളവര്‍ കൃത്യമായി അതുപാലിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 788 ആളുകളെ ട്രെയിസ് ചെയ്തിട്ടുണ്ട്. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുയെന്ന് വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി വഴി ഉറപ്പുവരുത്താന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. പഞ്ചായത്തുകള്‍ക്ക് വാര്‍ഡ്തലത്തിലെ കണക്ക് നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരില്‍ അസുഖ ലക്ഷണമുള്ള ആളുകളെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കാനുള്ള നിര്‍ദേശമാണ് കൊടുത്തിരിക്കുന്നത്. അല്ലാത്തവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം 14 ദിവസം നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളെയും ട്രാക്ക് ചെയ്യാനുള്ള നിര്‍ദേശമാണു കൊടുത്തിരിക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ നിരീക്ഷണം ശക്തമായി നടത്തിവരുന്നതായും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.