മെഷിനറി എക്‌സ്‌പോ അഞ്ചാമത് എഡിഷന് തുടക്കമായി

post

* കേരളം സംരംഭകർക്കൊപ്പമാണ് : മന്ത്രി പി. രാജീവ്‌


സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന വ്യവസായ യന്ത്ര പ്രദര്‍ശന മേള 'മെഷിനറി എക്‌സ്‌പോയ്ക്ക് തുടക്കമായി. എക്സ്പോയുടെ അഞ്ചാമത് എഡിഷനാണ് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ നാല് ദിവസങ്ങളിലായി നടക്കുന്നത്. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. എല്ലാ എക്‌സിബിഷനുകളും വിജയകരമാണ്. എല്ലാ ജില്ലകളിലും ഈ വർഷം തുടങ്ങിയ സംരംഭകർക്ക് സൗജന്യമായ സർവീസ് നൽകുമെന്ന് മന്ത്രി പി രാജീവ്‌ അറിയിച്ചു. നവീനമായ മെഷീനറികൾ കാണാൻ കഴിഞ്ഞെന്നും, ആവശ്യങ്ങൾക്കനുസരിച്ചുള്ള മെഷീനറികൾ ഉണ്ടാക്കാൻ സാധിച്ചു വെന്നും മന്ത്രി പറഞ്ഞു.


വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ സുധീർ കെ സ്വാഗതം പറഞ്ഞ ചടങ്ങിന് എറണാകുളം എം പി ഹൈബി ഈഡൻ അധ്യക്ഷത വഹിച്ചു. എക്സിബിറ്റേഴസ് ഡയറക്ടറി പ്രകാശനം വ്യവസായ വാണിജ്യ വകുപ്പ് ഡയറക്റ്റർ എസ്. ഹരികിഷോർ നിർവഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ അഡ്വ.ദീപ്തി മേരി വർഗ്ഗീസ്, എം എസ് എം ഡി ഫ്, തൃശൂർ അസിസ്റ്റന്റ് ഡയറക്ടർ ലചിതമോൾ,കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡണ്ട്‌ എ. നീസറുദ്ദീൻ,എഫ് ഐ സി സി കേരള സ്റ്റേറ്റ് കൌൺസിൽ ചെയർമാൻ സാവിയോ മാത്യു എന്നിവർ ആശംസ പ്രസംഗം നടത്തി. മെഷിനറി എക്സ്പോ കേരള 2023 ജനറൽ മാനേജർ& ജനറൽ കൺവീനർ പി.എ. നജീബ് നന്ദി അർപ്പിച്ചു.


ഓരോ സംരംഭകനേയും പുതിയ സാധ്യതകൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് മെഷിനറി എക്സ്പോ സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ഇരുന്നൂറോളം യന്ത്ര നിർമാതാക്കൾ ഒരു കുടക്കീഴിൽ അണിനിരക്കുന്നു എന്നതാണ് മെഷിനറി എക്സ്പോയുടെ പ്രത്യേകത. നാലപ്പത്തിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ശീതീകരിച്ച പവലിയനാണ് എക്സ്പോയ്ക്കായി ഒരുക്കുന്നത്.


ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന് കേരളത്തിൻ്റെ വലിയ ലക്ഷ്യപൂർത്തീകരണ വേളയിൽ മെഷിനറി എക്സ്പോ സംരംഭകർക്ക് ഒട്ടനവധി സാധ്യതകളാണ് തുറന്നിടുന്നത്. വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും യന്ത്രങ്ങളും സംരംഭകര്‍ക്ക് ഗുണകരമാകുംവിധം അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം.


കാര്‍ഷികാധിഷ്ഠിതം, ഭക്ഷ്യ സംസ്ക്കരണം, പാക്കേജിംഗ്, ജനറല്‍ എഞ്ചിനീറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, മരാധിഷ്ഠിത വ്യവസായം, റബ്ബര്‍ & പ്ലാസ്റ്റിക്, ഫൂട്ട് വെയര്‍, പ്രിന്‍റിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍, ആയുര്‍വ്വേദ & ഹെര്‍ബല്‍, അപ്പാരല്‍, വേസ്റ്റ് മാനേജ്മെന്‍റ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികളാണു മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.


വീട്ടാവശ്യങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വേണ്ട പാചക യന്ത്രങ്ങള്‍ മുതല്‍ വിവിധതരം ഗാര്‍ഹിക യൂണിറ്റുകള്‍ക്കും, കുടുംബശ്രീ, കുടില്‍ വ്യവസായം, ചെറുകിട, ഇടത്തരം, വൻകിട സംരംഭങ്ങള്‍ക്കും ആവശ്യമായ യന്ത്രങ്ങളും സാങ്കേതികവിദ്യയും അണിനിരത്തിയാണ് യന്ത്ര പ്രദര്‍ശനമേള സംഘടിപ്പിക്കുന്നത്.