ഗോത്രവർഗ്ഗക്കാർക്ക് സർക്കാർ രേഖകൾ ലഭ്യമാക്കാൻ കോഴിക്കോട് ജില്ലയിൽ എ.ബി.സി.ഡി പദ്ധതി

post

ഗോത്രവർഗ്ഗക്കാർക്ക് സർക്കാർ രേഖകൾ ലഭ്യമാക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ പദ്ധതി (എ.ബി.സി.ഡി) കോഴിക്കോട് ജില്ലയിൽ കാര്യക്ഷമമായി നടക്കും. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച പ്രഥമ യോഗം ജില്ലാ കലക്ടർ എ.ഗീതയുടെ അധ്യക്ഷതയിൽ ചേർന്നു.

പട്ടികവർഗ്ഗ വികസന വകുപ്പ്, ഐ.ടി മിഷൻ, തദ്ദേശഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, അക്ഷയ എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്നതാണ് എബിസിഡി പദ്ധതി. ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടേഴ്സ് ഐഡി, ജനന സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ഗോത്രവർഗ്ഗക്കാർക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ ഗോത്രവർഗ്ഗക്കാർ കൂടുതലുള്ള പഞ്ചായത്തുകൾ കണ്ടെത്തും. തുടർന്ന് എല്ലാ പഞ്ചായത്തുകളിലും ഗോത്ര സൗഹൃദ കൗണ്ടറുകൾ തുറക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ആധികാരിക രേഖകള്‍ ലഭ്യമാക്കുന്ന എ.ബി.സി.ഡി പദ്ധതി ഗോത്രവർഗ്ഗക്കാർക്ക് ഏറെ സഹായകരമാകുമെന്നു കലക്ടർ പറഞ്ഞു.