എന്റെ കേരളം പ്രദര്‍ശന വിപണന മേള: ഫുഡ്‌കോര്‍ട്ടില്‍ കുടുംബശ്രീയുടെ പുതിയ രുചിക്കൂട്ട്

post

പുതുരുചി നൽകാൻ സോലൈ മിലന്‍

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുടുംബശ്രീ ഫുഡ്‌കോര്‍ട്ടില്‍ പുതുരുചിക്കൂട്ടൊരുങ്ങുന്നു. അട്ടപ്പാടി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പരിശീലന സ്ഥാപനമായ ഐഫ്രം ടീമിന്റെ റിസര്‍ച്ച് വിങ് ആണ് അട്ടപ്പാടി സമൂഹത്തിലെ പരമ്പരാഗത രുചിക്കൂട്ട് 'സോലൈ മിലന്‍' എന്റെ കേരളത്തിലേക്ക് എത്തിക്കുന്നത്.

ഭക്ഷണ പ്രേമികള്‍ ഏറ്റുവാങ്ങിയ 'അട്ടപ്പാടി വനസുന്ദരിക്ക്' ശേഷം അട്ടപ്പാടിയില്‍ നിന്നും തയ്യാറാവുന്ന വിഭവമാണ് 'സോലൈ മിലന്‍'. സോല എന്ന വാക്കിന്റെ അര്‍ത്ഥം വനം എന്നാണ്. വനത്തില്‍ നിന്ന് ലഭിക്കുന്ന ധാന്യവിഭവങ്ങളും ചിക്കനും ചേര്‍ന്നുള്ള വിഭവമായതിനാലാണ് സോലൈ മിലന്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. സോലൈ മിലന് പുറമേ അട്ടപ്പാടി വനസുന്ദരിയും അട്ടപ്പാടി കുടുംബശ്രീ വനിതകള്‍ എന്റെ കേരളം ഫുഡ് കോര്‍ട്ടില്‍ ഒരുക്കുന്നുണ്ട്.

ശ്രീകൃഷ്ണപുരം രുചിക്കൂട്ട് കഫെ ഒരുക്കുന്ന മലബാര്‍ ചിക്കന്‍ ബിരിയാണി, ഒരുമ ട്രാന്‍സ്‌ജെന്‍ഡര്‍ കാന്റീന്‍ ഒരുക്കുന്ന ജ്യൂസുകള്‍, കാവശ്ശേരി രുചി കാന്റീന്‍ ഒരുക്കുന്ന ചോലെ ബെട്ടുര, കാവശ്ശേരി സുഭിക്ഷ കാന്റീന്‍ ഒരുക്കുന്ന ഉന്നക്കായ, പത്തിരി തുടങ്ങിയ മലബാര്‍ സ്‌നാക്‌സ്, പാലക്കാട് സുന്ദരീസ് കഫെ ഒരുക്കുന്ന വിവിധതരം ദോശകള്‍, മണ്ണാര്‍ക്കാട് മരിയന്‍ കേക്ക് ഒരുക്കുന്ന കേക്ക് ഉത്പന്നങ്ങള്‍ തുടങ്ങിയവയും ഫുഡ് കോര്‍ട്ടിലുണ്ടാകും.

മലയാളികളുടെ പ്രിയഭക്ഷണമായ ദോശയിലും വ്യത്യസ്തതകള്‍ നിറയും. ദാഹശമനത്തിനായി ഒരുക്കുന്ന ശീതള പാനീയങ്ങളിലും പുതുമകളുണ്ട്. നെല്ലിക്ക-കാന്താരി, പച്ചമാങ്ങ, തണ്ണിമത്തന്‍, പൈനാപ്പിള്‍ തുടങ്ങിയ ജ്യൂസുകളും കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ ലഭിക്കും. ശീതീകരിച്ച 200-ഓളം സ്റ്റാളുകളുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.