സർവ്വമേഖലകൾക്കും ഊന്നൽ നൽകി കക്കോടി ​ഗ്രാമപഞ്ചായത്ത് ബജറ്റ്

post

ലിംഗ സമത്വ കാഴ്ചപ്പാടോടെ സർവ്വമേഖലകൾക്കും ഊന്നൽ നൽകി കക്കോടി ​ഗ്രാമപഞ്ചായത്ത് ബജറ്റ്. അകലാപ്പുഴ തീരത്ത് ടൂറിസം വികസനം, തൊഴിൽ നൈപുണ്യ വികസനത്തിനും തൊഴിൽ സംഘങ്ങൾക്കുമായി ഒ.എൽ.ഒ.ഐ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേക പാക്കേജുകൾ, യുവജനങ്ങളുടെ ചിരകാല അഭിലാഷമായ സ്റ്റേഡിയം നിർമ്മാണം, വയോജന ക്ഷേമത്തിനായി വയോക്ലബ്ബുകൾ ആരംഭിക്കൽ, അവരുടെ മാനസികോല്ലാസത്തിന് വേണ്ടി ഉല്ലാസയാത്ര എന്നിവ ബജറ്റിലെ ശ്രദ്ധേയമായ പദ്ധതികളാണ്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ടി.ടി വിനോദ് 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 38,30,70,064 രൂപ വരവും 37,44,73,733 രൂപ ചെലവും 85,96,331 രൂപ നീക്കി ബാക്കിയും നിൽക്കുന്നതാണ് ബജറ്റ്.

ശുചിത്വ മേഖലയിൽ എം.സി.എഫ് നവീകരണം, എല്ലാ വീടുകളിലും റിംഗ്കമ്പോസ്റ്റ് യൂണിറ്റ്, ജൽജീവൻ പദ്ധതി മുഖേന എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കൽ, ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ വികസന പ്രവർത്തനങ്ങളുടെ പ്രദർശനത്തിനായി വകുപ്പുകളുടെ സ്റ്റാളുകൾ സജ്ജീകരിച്ച കക്കോടി ഫെസ്റ്റ് , പഞ്ചായത്തിലെ എല്ലാ റോഡുകളുടെയും കണക്ടിവിറ്റി ഉറപ്പുവരുത്തി നിർമ്മാണവും അറ്റകുറ്റപ്പണിയും, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാടിന്റെ വികസന പദ്ധതി, ബഡ്സ് സ്കൂളുകളുടെ ആധുനികവൽക്കരണം, സമ്പൂർണ്ണ പാർപ്പിട പദ്ധതി, ലൈഫ് ഉൾപ്പെടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ എല്ലാ ഭവനരഹിതർക്കും വീട്, ആരോഗ്യ രംഗത്ത് സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി ആധുനികവൽക്കരണം, ആധുനിക സൗകര്യങ്ങളോടെ ഹോമിയോ ആശുപത്രിയിൽ യോഗ ഹാൾ എന്നിവയ്ക്കും ബജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.