പത്തനംത്തിട്ട ഇറപ്പുകുഴി പ്രമാടം ക്ഷേത്രം റോഡിന് ഇനി ആധുനിക നിലവാരം

post

ഇറപ്പുകുഴി പ്രമാടം ക്ഷേത്രം റോഡ് വാഴമുട്ടം എല്‍.പി സ്‌കൂള്‍ ജംഗ്ഷന്‍ വരെ ആധുനിക നിലവാരത്തില്‍ വികസിപ്പിക്കും. ഇതോടെ ഉന്നത നിലവാരത്തില്‍ നിര്‍മിച്ച മൂന്നു പൊതുമരാമത്ത് റോഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന റോഡായി ഇത് മാറും. കോന്നി- ചന്ദനപ്പള്ളി റോഡില്‍ നിന്നും വള്ളിക്കോട് വാഴമുട്ടം എല്‍.പി സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും പ്രമാടം ക്ഷേത്രം ജംഗ്ഷനില്‍ എത്തി പൂങ്കാവ് പത്തനംതിട്ട റോഡില്‍ കൂടി മറൂര്‍ ജംഗ്ഷനില്‍ നിന്നും ഇരപ്പ്കുഴി വഴി ളാക്കൂര്‍ മല്ലശേരി റോഡില്‍ എത്തി ചേരുന്ന റോഡിനു 4.5 കിലോമീറ്റര്‍ ദൂരമാണുള്ളത്. ബി.എം.ബി.സി സാങ്കേതിക വിദ്യയില്‍ ഉന്നത നിലവാരത്തില്‍ ഏഴു കോടി രൂപയാണ് അനുവദിച്ചത്. അഞ്ചര മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡിന്റെ ഇരു വശങ്ങളിലും ആവശ്യമായ സ്ഥലങ്ങളിലും ഓടയും ഐറിഷ് ഓടയും കലുങ്കുകളുടെ പുനര്‍ നിര്‍മാണവും റോഡ് സുരക്ഷ പ്രവര്‍ത്തികളും ഉള്‍പ്പെടുത്തിയാണ് പുതിയ റോഡ് നിര്‍മിക്കുന്നത്. ഇതോടെ പത്തനംതിട്ട ടൗണില്‍ നിന്നും പ്രമാടം വള്ളിക്കോട് പഞ്ചായത്തിലെ പൂങ്കാവ്, വാഴമുട്ടം, മല്ലശേരി ജംഗ്ഷന്‍, താഴൂര്‍ ഭാഗങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണ പൂര്‍ത്തികരണത്തോടെ പ്രദേശത്തെ വികസന പ്രവര്‍ത്തികള്‍ക്ക് വേഗതയേറും. റോഡ് നിര്‍മാണം മേയ് മാസത്തോടെ ആരംഭിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു.