പത്തനംതിട്ട കണ്ടംകുളത്ത് വീടുകളില്‍ വെള്ളം കയറുന്നതിന് പരിഹാരം

post

പെരുനാട് പഞ്ചായത്തിലെ കണ്ടംകുളം കക്കാട്ടാറിന്റെ തീരത്ത് ജലനിരപ്പ് ഉയര്‍ന്നു ഗതാഗതം തടസപ്പെടുന്നതിനും വീടുകളില്‍ വെള്ളം കയറുന്നതിനും ശാശ്വത പരിഹാരമാകുന്നു. ഇവിടെ നദിയിലെ എക്കല്‍ മാറ്റുന്നതിനും റോഡിന്റെ വശം ഡി.ആര്‍ കെട്ടി സംരക്ഷണഭിത്തി ഉയര്‍ത്തുന്നതിനും 20 ലക്ഷം രൂപ അനുവദിച്ചു. മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് ഇതിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

കക്കാട്ടാറില്‍ വൈദ്യതോല്‍പാദനത്തിനായി പെരുനാട് ചെറുകിട ജലവൈദ്യുത പദ്ധതി വന്നപ്പോഴാണ് പ്രതിസന്ധികള്‍ ആരംഭിച്ചത്. പദ്ധതിയിലേക്ക് വെള്ളം എത്തിക്കാന്‍ തടയണ കെട്ടിയതോടെ നദിയിലെ ഒഴുക്ക് നിലച്ചു. 2018ലെ മഹാപ്രളയത്തില്‍ എത്തിയ എക്കല്‍ ഡാമിന്റെ കണ്ടംകുളം ഭാഗത്ത് കെട്ടിക്കിടന്ന് ജലം ഉള്‍ക്കൊള്ളാന്‍ നദിക്ക് കഴിയാതെ വന്നു. ഇതോടെ ചെറിയ രണ്ട് മഴ പെയ്താലുടന്‍ നദിയിലെ ജലനിര്‍പ്പുയര്‍ന്ന് കയറുക പതിവായി. നദീതീരത്തുകൂടി പോകുന്ന മാമ്പാറ- മണിയറ റോഡിലെ ഗതാഗതം ഇതോടെ നിലക്കും. മാത്രമല്ല ഇവിടെ താഴ്ന്ന പ്രദേശങ്ങളില്‍ ഇരിക്കുന്ന വീടുകള്‍ പലതും വെള്ളത്തിനടിയിലുമാകും. നദിയിലെ ചെളി നീക്കം ചെയ്തും മണിയാര്‍ റോഡിന്റെ നദിയോട് ചേര്‍ന്ന ഭാഗം സംരക്ഷണഭിത്തി കെട്ടി റോഡ് ഉയര്‍ത്തണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യമാണ് ഇതോടെ സാധ്യമായിരിക്കുന്നതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു.