വിളര്‍ച്ചയെ തടഞ്ഞ് ആരോഗ്യമുള്ള ജീവിതരീതി പുലരാന്‍ പോഷണ്‍ പക്വാഡ്

post

വിളര്‍ച്ചയെ തടുക്കുന്നതിനുള്ള അറിവുകള്‍ പകര്‍ന്നും പോഷണനിലവാരമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ രുചിച്ചറിഞ്ഞും വനിതാ ശിശുക്ഷേമ വകുപ്പിന്റെ പോഷണ്‍ പക്വാഡ് പരിപാടി കാസർഗോഡ് ജില്ലയിൽ സംഘടിപ്പിച്ചു. ന്യൂനപോഷണ തൂക്കക്കുറവ്, വളര്‍ച്ച ശോഷണം, വളര്‍ച്ച മുരടിപ്പ് എന്നിവയെ കുറിച്ച് ജനങ്ങളുടെ ഇടയില്‍ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒപ്പം ചെറുധാന്യങ്ങളുടെ പ്രാധാന്യം, നല്ല ജീവിതശൈലി, പോഷണ നിലവാരമുള്ള ഭക്ഷണ ശൈലി എന്നിവയ്ക്ക് പ്രചരണം നല്‍കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. പോഷന്‍ പക്വാഡ പ്രവര്‍ത്തങ്ങള്‍ വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേയ്ക്ക് (വിവ കേരളം) പദ്ധതിയ്ക്കും ചെറുധാന്യങ്ങളുടെ പ്രാധാന്യം എന്നിവയ്ക്കും ഊന്നല്‍ കൊടുത്തുകൊണ്ടാണ് നടപ്പാക്കുന്നത്. വിവ കേരളം പദ്ധതിയുടെ ഭാഗമായി വിളര്‍ച്ച തടയാനുള്ള വിവിധ കാര്യങ്ങളുടെ പ്രചരണം പരിപാടിയുടെ ലക്ഷ്യമാണ്.

കൃത്യമായ ഇടവേളകളില്‍ ഹീമോഗ്ലോബിന്‍ പരിശോധന നടത്തുക, മൈ പ്ലേറ്റ്- ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക, വിരബാധ ഒഴിവാക്കുക, അയണ്‍ ഫുള്‍ ആസിഡ് ഗുളികകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കുക, ഇരുമ്പിന്റെ ആഗീരണം കുറയ്ക്കുന്ന പാനീയങ്ങളായ ചായ, കാപ്പി മുതലായവ ആഹാരത്തിനു ഒരു മണിക്കൂര്‍ മുന്‍പോ ശേഷമോ മാത്രം ഉപയോഗിക്കുക എന്നിവയിലൂടെ വിളർച്ചയെ പ്രതിരോധിക്കാം. പോഷണനിലവാരമുള്ള ഭക്ഷണസാധനങ്ങള്‍ ഉപയോഗിച്ചുള്ള വിവിധ വിഭവങ്ങള്‍ ഭക്ഷണപ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. റാഗി, പയര്‍ വിഭവങ്ങള്‍, കറിവേപ്പില, ചക്കക്കുരു, പപ്പായ, വാഴയ്ക്ക, വിവിധ പച്ചക്കറികള്‍ ഉപയോഗിച്ചുള്ള വിവിധ വിഭവങ്ങളും അവ പാചകം ചെയ്യേണ്ട രീതിയും പ്രദര്‍ശിപ്പിച്ചിരുന്നു.