കാഞ്ഞങ്ങാട് ബ്ലോക്കില്‍ സ്റ്റാര്‍ട്ട് അപ് ഗ്രാമീണ സംരംഭകത്വ പ്രോഗ്രാം

post

പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും നേരത്തെ തുടങ്ങിയ സംരംഭങ്ങള്‍ നിലനിര്‍ത്തി പോകാനും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ സ്റ്റാര്‍ട്ട് അപ് ഗ്രാമീണ സംരംഭകത്വ പ്രോഗ്രാം (എസ് വി. ഇ.പി) നടപ്പിലാക്കും. കേന്ദ്ര- കേരള സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ ഗ്രാമീണ ജനതയുടെ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. നാല് വര്‍ഷത്തെ കാലയളവുള്ള പദ്ധതിക്ക് കുടുംബശ്രീ ജില്ലാ മിഷനാണ് നേതൃത്വം നല്‍കുക. കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുബാംഗങ്ങള്‍ക്കും കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം. 60% മുന്‍ഗണന സ്ത്രീകള്‍ക്കായിരിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും പദ്ധതി വഴി 4% പലിശ സബ്സിഡി നിരക്കില്‍ കമ്മ്യൂണിറ്റി എന്റെര്‍പ്രൈസ് ഫണ്ട് (സി.ഇ.എഫ്)ലഭിക്കും. വ്യക്തിഗത സംരംഭത്തിന് പരമാവധി ഒരു ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭത്തിന് പരമാവധി അഞ്ച് ലക്ഷം രൂപയും പദ്ധതിയിലൂടെ വായ്പ ലഭിക്കും. 6.5 കോടി രൂപയാണ് ആകെ പദ്ധതി തുക.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും സംരംഭക മേഖലയിലേക്ക് താല്പര്യമുള്ളവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും സംശയനിവാരണത്തിനും ബ്ലോക്കിലും ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലും മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കും. ഏപ്രില്‍ പത്തോടെ ഇവരുടെ തെരെഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടു മാസത്തെ പരിശീലനം നല്‍കും. ജൂണ്‍ മാസത്തില്‍ പഞ്ചായത്ത് തലത്തില്‍ വിന്യസിച്ച് പദ്ധതി ആരംഭിക്കാനാണ് തീരുമാനം. എസ്.വി.ഇ.പി പദ്ധതി നടത്തിപ്പിന്റെ ഫേസ് 6 നടത്തിപ്പില്‍ സംസ്ഥാനത്ത് തെരഞ്ഞെടുത്ത 8 ബ്ലോക്കുകളിലാണ് കാഞ്ഞങ്ങാട് ബ്ലോക്ക് ഉള്‍പ്പെട്ടത്. നേരത്തെ ഫേസ് 2 നടത്തിപ്പില്‍ ജില്ലയില്‍ നിന്നും നീലേശ്വരം ബ്ലോക്ക് ഉള്‍പ്പെട്ടിരുന്നു.