നവീകരിച്ച കിള്ളി- പങ്കജകസ്തൂരി, മൊളിയൂര്‍- കാന്തള റോഡുകള്‍ തുറന്നു

post

കാട്ടാക്കട ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ശമനമാകും

അഞ്ച് കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തില്‍ പണിപൂര്‍ത്തിയാക്കിയ കിള്ളി- പങ്കജകസ്തൂരി, മൊളിയൂര്‍- കാന്തള റോഡുകൾ തുറന്നു. ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നിര്‍മിച്ച റോഡുകള്‍ തുറന്നതോടെ കാട്ടാക്കട ജംഗ്ഷനിലെ ഗതാഗത കുരുക്കിനും ഒരുപരിധി വരെ പരിഹാരമാകും. കൂടാതെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാര്‍ഡാമിലേക്കുള്ള യാത്രയും സുഗമമമാകും. മഴക്കാല പൂര്‍വ്വ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി വിലയിരുത്താനും 14 ജില്ലകളിലും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് 5 മുതല്‍ 15 വരെ റോഡുകളില്‍ പരിശോധന നടത്തുമെന്ന് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഐ. ബി. സതീഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.