കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ്: മാലിന്യ സംസ്‌കരണത്തിനും കുടിവെള്ളത്തിനും പ്രാധാന്യം

post

ശുചിത്വ മാലിന്യ സംസ്‌കരണത്തിനും കുടിവെള്ളത്തിനും പ്രാധാന്യം നല്‍കി കവിയൂര്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു.  ശുചിത്വ മാലിന്യ സംസ്‌കരണത്തിന് 3,30,44,000 രൂപയും ജലജീവന്‍ പദ്ധതി ഉള്‍പ്പെടെ കുടിവെള്ളത്തിന് 3 കോടി രൂപയും ലൈഫ്, പി.എം.എ.വൈ ഭവന പദ്ധതികള്‍ക്ക് 2,23,40,000 രൂപയും തൃക്കടി ടൂറിസം പദ്ധതിക്ക് ഒരുകോടിയും മുരിങ്ങൂര്‍ക്കുന്ന്മല മിനി കുടിവെള്ള പദ്ധതക്ക് 19 ലക്ഷം രൂപയും ഫിറ്റ്‌നസ് സെന്ററിന് 95 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഉല്‍പാദന മേഖലയ്ക്കായി 1.50 കോടി, പശ്ചാത്തല മേഖലയ്ക്ക് 1.86 കോടി, ആശ്രയ പദ്ധതിക്കായി 8.5 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 50 ലക്ഷം, പട്ടികജാതി മേഖലയ്ക്ക് 59 ലക്ഷം, മൃഗാശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 7 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.

പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും അടിസ്ഥാന വിവരശേഖരണം നടത്തുന്നതിന് ജി.ഐ.എസ് മാപ്പിംഗിനുവേണ്ടി 8 ലക്ഷവും പഞ്ചായത്ത് രൂപീകൃതമായതിന്റെ 70 -ാം വര്‍ഷം സപ്തതി വര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് ഫാമിലി ഹെല്‍ത്ത് സെന്റര്‍ എന്നിവ സോളാര്‍ സിസ്റ്റത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നതിന് 15 ലക്ഷവും കുട്ടികള്‍ക്ക് സൗജന്യ പ്രഭാത ഭക്ഷണം നല്‍കുന്ന അക്ഷയപാത്രം പദ്ധതി, കാലാവസ്ഥാ വ്യതിയാന കര്‍മ്മപദ്ധതി, കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്,  ഇ-സാക്ഷരതാ ഗ്രാമം, വൃക്ക രോഗികള്‍ക്ക് ഡയാലിസിസ്, സ്‌കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ്സ് റൂം, സ്മാര്‍ട്ട് അംഗന്‍വാടി, ശിശു സൗഹൃദ പഞ്ചായത്ത്, പട്ടികജാതി കോളനികളില്‍ മിനി സോളാര്‍ ലൈറ്റ്, ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ്, നദീതീര സംരക്ഷണം തുടങ്ങിയ നിരവധി പദ്ധതികള്‍ക്കായും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ ശ്രീരഞ്ജിനി ഗോപി ബജറ്റ് അവതരിപ്പിച്ചു.