ബ്രേക്ക് ദി ചെയിന്‍ കാംപയിന്‍: താലൂക്ക്തല നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

post

കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ബ്രേക്ക് ദി ചെയിന്‍ കാംപയിന്‍ നടപ്പിലാക്കുന്നതിന് താലൂക്ക്തല നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ സ്ഥാപിക്കുകയോ ഹാന്‍ഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. ബന്ധപ്പെട്ട സ്ഥാപന ഉടമകളാണ് ഇതിന് സൗകര്യം ഒരുക്കേണ്ടത്.

ഈ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് നോഡല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. അതോടൊപ്പം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ താലൂക്ക് തലങ്ങളില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കൊറോണ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നല്‍കുകയും വേണം.

ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍- 8281088590 (തലശ്ശേരി), ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ -9188120335 (ഇരിട്ടി), ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ -9446073320 (പയ്യന്നൂര്‍), എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍- 9446043921 (തളിപ്പറമ്പ്), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐഎസ്എം)- 9847802177 (കണ്ണൂര്‍) എക്കണോമിക്‌സ് & സ്റ്റാറ്റിറ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ -9446043921 (തളിപ്പറമ്പ), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐഎസ്എം) -9847802177 (കണ്ണൂര്‍) എന്നിവരെയാണ് താലൂക്ക്തല നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചത്. ബ്രേക്ക് ദി ചെയിന്‍ കാംപയിന്റെ ജില്ലാ നോഡല്‍ ഓഫീസറായ ജില്ലാ മലേറിയ ഓഫീസര്‍ ഡോ. സുരേഷുമായി (9447648963) ബന്ധപ്പെട്ട് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് താലൂക്ക്തല നോഡല്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.