മാലിന്യ സംസ്കരണം: എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകും

post

ബ്രഹ്‌മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകും. കമ്മിറ്റിക്ക് ദുരന്ത നിവാരണ നിയമത്തിലെ 24 (L) പ്രകാരമുള്ള അധികാരങ്ങൾ നൽകി സർക്കാർ ഉത്തരവായി. ഇതനുസരിച്ച്, മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കാനും, കോർപറേഷൻ മുഖേന നടപ്പിലാക്കാൻ നിർദേശം നൽകാനും എംപവേർഡ് കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. അതോടൊപ്പം മാലിന്യ സംസ്‌കരണത്തിനായുള്ള പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള പദ്ധതി കോർപറേഷനോട് നിർദേശിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്. കമ്മിറ്റിയുടെ നിർദേശം ഏതെങ്കിലും കാരണവശാൽ കോർപറേഷൻ നടപ്പിലാക്കിയില്ലെങ്കിൽ, പ്രവർത്തനം നേരിട്ട് ഏറ്റെടുത്ത് നടത്താൻ കമ്മിറ്റിക്ക് അധികാരമുണ്ട്. ഇതിനായി കോർപറേഷന്റെ വികസന ഫണ്ട് ഉൾപ്പെടെ വകയിരുത്താൻ ആവശ്യമായ നിർദേശം നൽകാനും കമ്മിറ്റിക്ക് കഴിയും.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതി നിർദേശം തയ്യാറാക്കി കോർപറേഷൻ കൗൺസിലിന് മുൻപാകെ എംപവേർഡ് കമ്മിറ്റിക്ക് സമർപ്പിക്കാം. നിർദേശം കൗൺസിൽ അംഗീകരിക്കാതിരിക്കുകയോ, നടപ്പിലാക്കാതിരിക്കുകയോ, തീരുമാനമെടുക്കാൻ വൈകുകയോ ചെയ്താൽ എംപവേർഡ് കമ്മിറ്റിക്ക് നേരിട്ട് അംഗീകാരം നൽകി പദ്ധതി നടപ്പിലാക്കാനാകും. ആവശ്യമായ ഫണ്ട് കോർപറേഷനോട് ലഭ്യമാക്കാൻ നിർദേശിക്കാം. ഫണ്ട് ഉപയോഗത്തിന് പിന്നീട് ജില്ലാ ആസൂത്രണ സമിതിക്ക് നൽകി സാധൂകരണം നൽകിയാൽ മതി. സുലേഖ സോഫ്റ്റ് വെയറിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തും. ഇതോടൊപ്പം മാലിന്യ സംസ്‌കരണത്തിനായി സർക്കാർ നിർദേശിച്ച മാർഗനിർദേശ പ്രകാരമുള്ള നടപടികൾ ഏതെങ്കിലും കാരണവശാൽ കോർപറേഷൻ സ്വീകരിച്ചില്ലെങ്കിൽ, ആ നടപടി നേരിട്ട് സ്വീകരിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്. മുഴുവൻ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നത് സംബന്ധിച്ചും, എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടമാലിന്യ സംസ്‌കരണത്തിന് ഉപാധി ഏർപ്പെടുത്തുന്നതിനും, പൊതുഇടങ്ങൾ മാലിന്യമുക്തമായി സൂക്ഷിക്കാനും, ജലാശയങ്ങൾ മലിനമാകാതെ കാത്തുരക്ഷിക്കാനുമുള്ള സർക്കാർ നിർദേശവും നിശ്ചിത സമയക്രമത്തിന് അനുസരിച്ച് നടപ്പിലാക്കാനും കമ്മിറ്റി ശ്രദ്ധിക്കും.

ബ്രഹ്‌മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി കോർപറേഷനിലെ മാലിന്യ സംസ്‌കരണ പ്രവർത്തനം ഊർജിതപ്പെടുത്താനും ശാശ്വത പരിഹാരം കാണാനുമാണ് എംപവേർഡ് കമ്മിറ്റി സംസ്ഥാന സർക്കാർ രൂപീകരിച്ചതെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.