ക്ഷീരോത്പാദനമേഖലയിൽ സ്വയം പര്യാപ്തതയിലേക്ക് കേരളം

post

ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാൻ കേരളം ഒരുങ്ങുന്നു.  ഇതിനായി സർക്കാരിനൊപ്പം മിൽമയും ഒത്തുചേർന്ന് വിവിധ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ക്ഷീരകര്‍ഷകരുടെ വീട്ടുപടിക്കല്‍ സേവനങ്ങള്‍ എത്തിക്കുന്നതിനായുള്ള പദ്ധതികൾ തുടങ്ങും. പഴയ കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ നവീകരിച്ച് മില്‍മ ഫുഡ് ട്രക്കാക്കി ഉപയോഗിക്കുന്ന പദ്ധതി ആരംഭിച്ചു. ഇതിലൂടെ യാത്രക്കാര്‍ക്ക് വിശ്വാസയോഗ്യമായ ഉത്പന്നങ്ങള്‍ കഴിക്കുവാന്‍ സാധിക്കും. കെ.എസ്.ആര്‍.ടി.സിയെ കൂടി സഹായിക്കുകയാണ് മില്‍മ ഫുഡ് ട്രക്ക് പദ്ധതിയുടെ ലക്ഷ്യം. മില്‍മയിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ 80 ശതമാനവും ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടിയുള്ളതായിരിക്കും. പ്രധാനപ്പെട്ട ബസ് സ്റ്റാന്‍ഡുകളില്‍ ഉടന്‍ മില്‍മ ഫുഡ് ട്രക്കുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. 

പ്രതിദിനം ഏകദേശം 16 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തിന് ആവശ്യമായി വരുന്നത് അതില്‍ 14 ലക്ഷം ലിറ്റര്‍ പാല്‍ കേരളത്തില്‍ സംഭരിച്ചു വരികയാണ്. പാല്‍ കൊണ്ട് നിര്‍മിക്കുന്ന 50 ലധികം ഉത്പ്പന്നങ്ങള്‍ മില്‍മ ലഭ്യമാക്കും. വ്യത്യസ്തയിനം മണത്തോടും രുചിയോടും കൂടിയ ഐസ്‌ക്രീമുകള്‍ മില്‍മ പുറത്തിറക്കുന്നുണ്ട്. അധികമായി വരുന്ന പാൽ, പാൽപ്പൊടിയാക്കുന്നതിനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കി വരുകയാണ്.

സ്‌കൂള്‍ അറ്റ് മില്‍മ എന്ന പദ്ധതിയിലൂടെ സ്കൂളുകളിൽ മിൽമ പാർലറുകൾ സ്ഥാപിക്കും. കുട്ടികള്‍ ലഹരിക്ക് പുറകെ പോകാതെ മില്‍മ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മില്‍മയെ ഉപയോഗിച്ച് ലഹരിക്കെതിരെയുള്ള ക്യാമ്പയിനുകളും സംഘടിപ്പിക്കും. 

അതിദരിദ്രര്‍ക്ക് 90 ശതമാനം സബ്‌സിഡിയോടുകൂടി പശുക്കളെ വിതരണം ചെയ്യും. ക്ഷീര ഗ്രാമം പദ്ധതി 50 ഓളം പഞ്ചായത്തുകളില്‍ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.