തീപിടിത്തമുണ്ടായ ബ്രഹ്മപുരത്ത് ആരോഗ്യ സേവനങ്ങള്‍ തുടരും

post

ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് നിലവിലെ ആരോഗ്യ സാഹചര്യം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ബ്രഹ്മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐ.പി സൗകര്യം തുടരും. കൂടാതെ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ ലഭ്യമാക്കും. പള്‍മനോളജിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സേവനങ്ങള്‍ കൃത്യമായ ദിവസങ്ങളില്‍ ഉണ്ടാകും. 24 മണിക്കൂര്‍ ആംബുലന്‍സ് സേവനം തുടരും. ആരോഗ്യ സര്‍വേയും തുടരുകയാണ്. സര്‍വേ പൂര്‍ത്തിയാക്കി കൃത്യമായ വിശകലനം നടത്തും.

തീപിടിത്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനുള്ള സംസ്ഥാനതല വിദഗ്ധ സമിതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. മറ്റു ജില്ലകളില്‍ നിന്ന് തീ അണയ്ക്കലിന് എത്തിയ അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മെഡിക്കല്‍ പരിശോധന കൃത്യമായ ഇടവേളകളില്‍ നടത്താന്‍ മന്ത്രി നിര്‍ദേശിച്ചു. ആവശ്യ സാഹചര്യങ്ങളിൽ ഇവർക്ക് ചികിത്സയും ലഭ്യമാക്കും.