കോവിഡ്, പകര്‍ച്ചവ്യാധി പ്രതിരോധം; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

post

കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളിലെ ക്രമീകരണം, മഴക്കാലപൂര്‍വ ശുചീകരണം-ആരോഗ്യജാഗ്രത കലണ്ടര്‍ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ ആരോഗ്യമന്ത്രി വീണാ ജോർജ് വിലയിരുത്തി. കോവിഡിനെ നേരിടാൻ ആശുപത്രികളിൽ ഐ.സി.യു കിടക്കകള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യവും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, ആശുപത്രിയിലെ ജീവനക്കാർ തുടങ്ങി എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നതിനും മന്ത്രി നിർദ്ദേശം നൽകി.

നിലവില്‍ ജില്ലയില്‍ ആകെ 406 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്. 13 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് മറ്റ് രോഗങ്ങളും വാര്‍ധ്യക സഹജമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ട്. പ്രായമുള്ളവര്‍ക്ക് വീട്ടിലുള്ള മറ്റുള്ള അംഗങ്ങളില്‍ നിന്നാണ് കോവിഡ് പകരുന്നത്. ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത ഉണ്ടാകണമെന്ന് മന്ത്രി നിർദ്ദേശിച്ചു.