നാല് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു

post

ചേര്‍ത്തല സൗത്ത്, കാര്‍ത്തികപ്പള്ളി, തെക്കേക്കര, പാണ്ടനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. രണ്ട് മാസം കൊണ്ട് ആലപ്പുഴ ജില്ലയിലെ റവന്യൂ വിഭാഗത്തെ സമ്പൂർണ ഇ-സാക്ഷരതാ ജില്ലയാക്കി മാറ്റാനുള്ള പദ്ധതികൾ മന്ത്രി പ്രഖ്യാപിച്ചു. ചേർത്തലയിലെ താലൂക്ക് ഓഫീസ് തടസങ്ങൾ മറികടന്നു പുനർനിർമിക്കുമെന്ന് ഉദ്ഘാടനത്തിന് മുമ്പ് താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ മന്ത്രി ഉറപ്പ് നൽകി. മന്ത്രി പി.പ്രസാദും യോഗത്തിൽ പങ്കെടുത്തു. രണ്ട് വർഷം കൊണ്ട് കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടയ വിതരണം നടത്താൻ കഴിഞ്ഞത് ഏറ്റവും വലിയ കാര്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.


പട്ടയ വിതരണത്തിനായി സംസ്ഥാനത്ത് ഈ വർഷം പുതിയ മിഷൻ ആരംഭിക്കുമെന്ന് മന്ത്രി കെ. രാജൻ കാർത്തികപ്പള്ളിയിലെ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ പറഞ്ഞു. ഇതോടെ എല്ലാവർക്കും ഭൂമി ലഭ്യമാക്കുക എന്നത് കൂടുതൽ വേഗത്തിൽ സാധ്യമാക്കും. വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ ആധുനികമാകുന്നതോടെ ഭാവിയിൽ പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസുകളിൽ എത്താതെ തന്നെ ഓൺലൈനായി അവരുടെ വീടുകളിൽ ഇരുന്നു റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ വളരെ എളുപ്പത്തിലും വേഗത്തിലും നടത്തിയെടുക്കാൻ ആവുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ആലപ്പുഴ ജില്ലയിലെ 93 വില്ലേജ് ഓഫീസുകളിൽ 11 എണ്ണം ഇതിനകം സ്മാർട്ട് വില്ലേജ് ഓഫീസ് ആയിട്ടുണ്ട്. രണ്ടുമാസത്തിനകം ജില്ലയിലെ 11 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് ആക്കി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


ഭിന്നശേഷി സൗഹൃദപരമായ പുതിയ വില്ലേജ് ഓഫീസ് 32 ലക്ഷം രൂപ ചെലവിലാണ് നിർമ്മിച്ചത്. ചടങ്ങിൽ രമേശ് ചെന്നിത്തല എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ കാർത്തികപ്പള്ളി താലൂക്കിലെ താലൂക്ക്, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ ആവശ്യമായ കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ അടക്കം ഈ-ഓഫീസ് ആക്കാനുള്ള ഉപകരണങ്ങൾ വാങ്ങാനായി അനുവദിക്കുമെന്ന് എം.എൽ.എ പറഞ്ഞു.