സമ്പൂര്‍ണ ശുചിത്വത്തിന് ഊന്നല്‍ നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ്

സമ്പൂര്‍ണ ശുചിത്വത്തിനും കാര്‍ഷിക മേഖലയിലെ വൈവിധ്യവല്‍കരണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ ബജറ്റ് അവതരിപ്പിച്ചു. സമ്പൂര്‍ണ ശുചിത്വം, കാര്‍ഷിക മേഖല, വിദ്യാഭ്യാസം, വനിത ശിശുക്ഷേമം, യുവജനക്ഷേമം, വയോജന ക്ഷേമം, ആരോഗ്യം, ഭവന നിര്‍മാണം, പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം തുടങ്ങി ജില്ലയുടെ വികസനത്തിനാവശ്യമായ സമസ്ത മേഖലകളിലും ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്.
കൊടുമണ്‍ റൈസ് മില്ലിന്റെ പണി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിനും റാന്നി കാര്‍ഷികോല്‍പാദന കമ്പനിക്ക് പശ്ചാത്തല വികസനത്തിനും ഫണ്ട് അനുവദിക്കും. കരിമ്പ് കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും, കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നതിനും, ശര്‍ക്കര ഉല്‍പാദനം ആരംഭിക്കുന്നതിനും പ്രാധാന്യം നൽകും. പട്ടികജാതി വികസനത്തിന്റെ ഭാഗമായി തൊഴില്‍ രഹിതരായ യുവതി, യുവാക്കള്‍ക്കായി വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്ത് പരിശീലിക്കാന്‍ അലവന്‍സ് നല്‍കുന്ന പദ്ധതി, സ്ത്രീ സുരക്ഷ, വനിത ക്ഷേമം, ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദ പദ്ധതികൾ, ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പദ്ധതികൾ, ഊര്‍ജ മേഖല, ദാരിദ്ര്യ ലഘൂകരണം, തുടങ്ങിയവയ്ക്കും ബജറ്റിൽ തുക വകയിരുത്തി.