'എന്റെ കേരളം' പ്രദര്‍ശനവിപണനമേള ഇടുക്കിയില്‍

post

എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ രണ്ടാം എഡിഷന്‍ ഏപ്രില്‍ 28 മുതല്‍ മെയ് 4 വരെ ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിക്കും . ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്താണ് ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികൾ സംഘടിപ്പിക്കുക . വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ , പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. കൂടാതെ വാണിജ്യ സ്റ്റാളുകളും മേളയുടെ ഭാഗമാകും. ടൂറിസം , വ്യവസായം , കൃഷി തുടങ്ങിയ പ്രധാന മേഖലകള്‍ തിരിച്ച് സെമിനാറുകള്‍ , കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിദഗ്ധരുടെ ക്ലാസുകള്‍ എന്നിവയുമുണ്ടാകും. പ്രാദേശിക കലാ സംഘങ്ങള്‍ക്കും മേളയില്‍ അവസരം ലഭിക്കും . എല്ലാ ദിവസവും പ്രഫഷണല്‍ കലാ സംഘങ്ങളുടെ പരിപാടികളും അരങ്ങേറും. ഏപ്രില്‍ 28 ന് ചെറുതോണിയില്‍ നിന്ന് ആരംഭിച്ച് വാഴത്തോപ്പ് സ്‌കൂളിലെ മേള നഗരിയില്‍ എത്തുന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാകും എന്റെ കേരളം പരിപാടിക്ക് തുടക്കമാകുക .