സ്ത്രീകൾക്കായി 'യോഗ്യ' സാക്ഷരതാ പദ്ധതിയുമായി കുടുംബശ്രീ

post

സ്ത്രീ വിദ്യാഭ്യാസ രംഗത്ത് ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പുതിയ വിപ്ലവത്തിന് തുടക്കമാകുന്നു. 'യോഗ്യ' സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ആദ്യവർഷം നാലായിരം പേർക്ക് എസ്.എസ്.എൽ.സിയും രണ്ടായിരം പേർക്ക് പ്ലസ്ടു പരീക്ഷയെഴുതാനുമുള്ള പരിശീനവും നൽകും.

ജില്ലയിലെ അമ്പത് വയസിന് താഴെ പ്രായമുള്ള എല്ലാ സ്ത്രീകളെയും പത്താം ക്ലാസ് യോഗ്യതയുള്ളവരാക്കുന്ന പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജനകീയമായാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലയിലെ പഞ്ചായത്തുകൾ തോറുമുള്ള സി.ഡി.എസുകൾ വഴിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. സി.ഡി.എസ് തലങ്ങളിൽ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. രജിസ്റ്റർ ചെയ്യുന്നവർക്കായി സാക്ഷരതാ മിഷന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. ക്ലബുകൾ, ഓക്സിലറി ഗ്രൂപ്പുകൾ, വായനശാലകൾ എന്നിവ മുഖേനയും പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. രജിസ്റ്റർ ചെയ്യുന്നവർ ക്ലാസുകളിൽ കൃത്യമായി പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. സാക്ഷരതാ മിഷന്റെ പരീക്ഷാ ഫീസ് കുടുംബശ്രീ ഫണ്ടിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നും നൽകും. ഇതിന് പുറമെ സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ സ്പോൺസർഷിപ്പിലൂടെയും രജിസ്ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്. രജിസ്ട്രേഷന്റെ അവസാന തീയതി മെയ് മാസം വരെ നീട്ടിയിട്ടുണ്ട്.