ഡിജിറ്റൽ റീ റീസർവ്വേ: കണ്ണൂർ ജില്ലയിൽ ആദ്യം പൂർത്തിയാക്കുക അഴീക്കോട് സൗത്തിൽ

post

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഡിജിറ്റൽ റീസർവ്വെ ജില്ലയിൽ അഴീക്കോട് സൗത്ത് വില്ലേജിൽ ആദ്യം പൂർത്തിയാകും. രണ്ടാഴ്ച മുമ്പ് ആരംഭിച്ച സർവ്വേ അഴീക്കോട്ട് ഏപ്രിൽ 10ന് പൂർത്തിയാക്കും. 

സാമൂഹിക വികസനം, സാമ്പത്തിക വളർച്ച, ബാങ്ക് വായ്പ നേടാനുള്ള നടപടി സുഗമമാക്കൽ, സ്വത്ത് തർക്കം ഇല്ലാതാക്കൽ, സമഗ്രമായ ഗ്രാമതല ആസൂത്രണം തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ നടത്തുന്നത്. ഇത് കേരളത്തിൽ നാല് വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശം. ആദ്യഘട്ടത്തിൽ ജില്ലയിലെ 14 വില്ലേജുകളിലാണ് സർവ്വേ പുരോഗമിക്കുന്നത്. 782 ഹെക്ടർ വിസ്തീർണമുള്ള അഴീക്കോട് സൗത്തിൽ 35 ശതമാനം പ്രവൃത്തി പൂർത്തിയായി. ഇതിനായി 46 സർവ്വേയർമാരും 26 ഹെൽപ്പർമാരും ഈ വില്ലേജിൽ പ്രവർത്തിക്കുന്നുണ്ട്. ജിപിഎസ് യന്ത്രങ്ങൾ, ഡ്രോൺ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് സർവ്വേ.

ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അഴീക്കോട് സൗത്തിലെ വട്ടക്കണ്ടി പ്രദേശത്തെ വീടുകളിലെത്തി സർവ്വേയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. സർവ്വേക്ക് മുമ്പ് മുഴുവൻ കൈവശക്കാരും ഭൂനികുതി ഓൺലൈനായി അടച്ച് റെലിസ് സോഫ്റ്റ് വെയറിൽ തങ്ങളുടെ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കലക്ടർ പറഞ്ഞു. സർവ്വേയിൽ ഉൾപ്പെടാതെ പോയാൽ ഭൂനികുതി അടക്കാനും റവന്യൂ, സർവ്വേ, രജിസ്‌ട്രേഷൻ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾക്ക് തടസ്സമുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ സർവ്വേയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന്  'എന്റെ ഭൂമി' പോർട്ടൽ പരിശോധിച്ച് ഉറപ്പാക്കണം. വ്യക്തമായി അതിർത്തികൾ സ്ഥാപിച്ചും കാടു വെട്ടിത്തെളിച്ചും ജനങ്ങൾ സഹകരിക്കണം. ആവശ്യപ്പെടുന്ന രേഖകൾ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.