കണ്ണൂർ ജില്ലയിൽ രണ്ടു വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടാകുന്നു
കണ്ണൂർ ജില്ലയിൽ പുതിയതായി നിർമ്മിച്ച കാഞ്ഞിരോട്, മുണ്ടേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്തു. നവംബർ ഒന്നു മുതൽ റവന്യൂ വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ എല്ലാ ഓഫീസുകളും സമ്പൂർണ ഇ-ഓഫീസുകളായി മാറുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. 2023 ഏപ്രിൽ 25ഓടെ രണ്ട് വർഷക്കാലം കൊണ്ട് പൂർത്തീകരിക്കുന്ന ജനകീയ പദ്ധതിയായി റവന്യൂ ഇ-സാക്ഷരതക്കും തുടക്കം കുറിക്കുകയാണ്. ആറു മാസക്കാലം 200 വില്ലേജ് എന്ന കണക്കിൽ നാല് വർഷം കൊണ്ട് കേരളത്തിലെ മുഴുവൻ ഭൂമിയും ഡിജിറ്റലായി അളക്കാനുള്ള നടപടിക്രമങ്ങളിലേക്കും കേരളം പോവുകയാണ്.
പ്ലാൻ സ്‌കീം 2020-21ൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ നിർമ്മിച്ചത്. കാഞ്ഞിരോട് സ്മാർട്ട് വില്ലേജ് ഓഫീസിൽ ഓഫീസ് ഏരിയ, വില്ലേജ് ഓഫീസറുടെ മുറി, ഡൈനിംഗ് റൂം, റെക്കോർഡ് റൂം, ഹെൽപ് ഡെസ്‌ക്, വെയിറ്റിങ് ഏരിയ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. 174 ചതുരശ്ര മീറ്ററിൽ രണ്ട് നിലകളുള്ള മുണ്ടേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഓഫീസ് ഹാൾ, വില്ലേജ് ഓഫീസറുടെ മുറി, കോൺഫറൻസ് ഹാൾ, റിക്കാർഡ് റൂം എന്നിവയും മുകളിലത്തെ നിലയിൽ ഒരു ഹാളുമാണ് ഉള്ളത്. 115. 52 ചതുരശ്ര മീറ്ററുള്ള കെട്ടിടത്തിന്റെ വശങ്ങളിൽ ഇന്റർലോക്കും ചുറ്റുമതിലും നിർമ്മിച്ചിട്ടുണ്ട്.