മാറ്റി നിര്‍ത്തപ്പെടുന്ന യുവജന വിഭാഗത്തിന്റെ ശാക്തീകരണത്തിന് നേതൃത്വംനല്‍കും

post

ഇടുക്കി: സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്നവരും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുമായ യുവജന വിഭാഗത്തിന്റെ ശാക്തീകരണത്തിന് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെയും സംസ്ഥാന യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ കുമളി ഹോളിഡേ ഹോമില്‍  നടത്തിയ നിറവ് ഗോത്ര കലോത്സവവേദിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സംസ്ഥാന ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ യുവജന ശാക്തീകരണത്തിന് വഴിവെക്കുന്ന വിപ്ലവകരമായ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. യുവജന കമ്മീഷന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് 60 ഓളം വരുന്ന ട്രൈബല്‍ ലൈബ്രറികള്‍ വഴി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. നമ്മുടെ സമൂഹത്തില്‍ അന്യമായിക്കൊണ്ടിരിക്കുന്ന തനതു കലാരൂപങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.  ഇത്തരത്തില്‍ അന്യംനിന്നുപോകുന്ന വിവിധ കലാരൂപങ്ങളെയും  വൈവിധ്യങ്ങളെയും ജീവിതരീതികളും എല്ലാം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് നിറവ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഗോത്ര വിഭാഗങ്ങളിലെ യുവജനങ്ങളുടെ സമഗ്ര ഉന്നമനത്തിനായി യുവജന കമ്മീഷന്‍ ഇടപെടലുകള്‍ വ്യാപകമാക്കും .  നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ ആണ്  യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്നത്. നാടിന്റെ തനിമമുള്ള മണ്ണിന്റെ മണമുള്ള തൊഴിലാളികളുടെ വിയര്‍പ്പിനെ , സാധാരണക്കാരുടെ ജീവിതത്തിന്റെ തുടിപ്പുള്ള  കലാരൂപങ്ങളാക്കി അവതരിപ്പിക്കുക വഴി അന്യമായികൊണ്ടിരിക്കുന്ന കലാരൂപങ്ങളെയും വൈവിധ്യങ്ങളെയും ജീവിതരീതികളെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.