കുടിവെള്ള ശുദ്ധി പരിശോധിക്കാൻ ജലഗുണതാ ലാബ് സജ്ജമാക്കി

post

കുടിവെള്ളം ശുദ്ധമാണോ എന്ന് പരിശോധിക്കാന്‍ കണ്ണൂർ ജില്ലയില്‍ സ്‌കൂളുകളോട് ചേര്‍ന്ന് ജല ഗുണതാലാബുകള്‍. എളുപ്പത്തിലും പണച്ചെലവില്ലാതെയും പൊതുജനങ്ങള്‍ക്ക് ജലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് അറിയാന്‍ ജലജീവന്‍ മിഷന്‍ വഴി രാജ്യാന്തര ഗുണനിലവാരമുള്ള ലാബ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എട്ട് ലാബുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 13 ലാബുകള്‍ ഉദ്ഘാടന സജ്ജമായി. ഏഴ് ലാബുകള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്.

മള്‍ട്ടി പാരാമീറ്റര്‍, വാട്ടര്‍ ക്വാളിറ്റി അനലൈസര്‍, കളര്‍ കംപാരേറ്റര്‍, ഹൈഡ്രജന്‍ സള്‍ഫൈഡ് സ്ടീപ്പ് ബോട്ടില്‍, കെമിക്കല്‍ കിറ്റ് എന്നിവയാണ് ലാബുകളിൽ ഒരുക്കിയിട്ടുള്ള പരിശോധന സംവിധാനങ്ങൾ. നിറം, മണം, പിഎച്ച് മൂല്യം, വൈദ്യുത ചാലകത, ലയിച്ചു ചേര്‍ന്നിരിക്കുന്ന പദാര്‍ഥങ്ങളുടെ അളവ്, ലവണത്വം, കോളിഫോം സാന്നിധ്യം എന്നീ ഘടകങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുക.

സംസ്ഥാനത്ത് ശാസ്ത്ര ലാബുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താനുള്ള പരിശീലനം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജലസംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം തിരിച്ചറിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഈ പദ്ധതി.