വൈക്കത്ത് പെരിയാർ സ്മാരകം പുനരുദ്ധാരണത്തിന് തമിഴ്നാട് സർക്കാരിന്റെ 8.14 കോടി
വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷം ഒരു വർഷം നീളുന്ന ആഘോഷമായി കൊണ്ടാടാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വൈക്കത്തുള്ള ഇ.വി. രാമസാമി എന്ന തന്തൈ പെരിയാറിന്റെ സ്മാരകം പുനരുദ്ധരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി 8.14 കോടി രൂപ അനുവദിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വെള്ളിയാഴ്ച തമിഴ്‌നാട് നിയമസഭയിൽ പ്രഖ്യാപിച്ചു. വൈക്കം പ്രക്ഷോഭത്തിനിടെ പെരിയാറിനെ അറസ്റ്റ് ചെയ്ത ആലപ്പുഴയിലെ അരൂക്കുറ്റിയിലും പുതിയ പെരിയാർ സ്മാരകം നിർമ്മിക്കും. വൈക്കം സമരത്തിന്റെ ഓർമ്മയ്ക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കും. വൈക്കം സമരത്തെക്കുറിച്ച് പഴ അത്തിയമാൻ രചിച്ച പുസ്തകത്തിന്റെ മലയാളം വിവർത്തനം പ്രസിദ്ധീകരിക്കും. ഇത് ഇംഗ്ലീഷ്, തെലുങ്ക്, കന്നട ഭാഷകളിലും പുറത്തിറക്കും. ഇതിനു പുറമേ എല്ലാ വർഷവും സെപ്റ്റംബർ 17ന് സാമൂഹിക നവോത്ഥാന രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ‘വൈക്കം അവാർഡ്’ ഏർപ്പെടുത്തും. ഈ വർഷം നവംബർ 29ന് ഇതോടനുബന്ധിച്ച് തമിഴ്‌നാട് സർക്കാർ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ കേരളം, തമിഴ്‌നാട് മുഖ്യമന്ത്രിമാർ പങ്കെടുക്കും. വൈക്കം പ്രക്ഷോഭത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം പകരാനായി തമഴ്‌നാട്ടിലെ സർവകലാശാലകളിലും കോളജുകളിലും പ്രബന്ധ രചനാ മത്സരം, പ്രസംഗ മത്സരം, പ്രശ്‌നോത്തരി എന്നിവ സംഘടിപ്പിക്കും. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് 64 പേജു വരുന്ന പുസ്തകം തമിഴ്‌നാട് ടെക്റ്റ്ബുക്ക് ആൻഡ് എജുക്കേഷണൽ സർവീസസ് കോർപ്പറേഷൻ മുഖേന പ്രസിദ്ധീകരിക്കുകയും ഇതിന്റെ ഓഡിയോ ബുക്ക് ഇംഗ്ലീഷിലും തമിഴിലും പുറത്തിറക്കുകയും ചെയ്യും. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് വിദഗ്ദ്ധരുടെ കുറിപ്പുകൾ ശതാബ്ദി സുവനീയറിന്റെ ഭാഗമായി ‘തമിഴ് അരശ്’ മാസികയിൽ പ്രസിദ്ധീകരിക്കും. വൈക്കം സത്യഗ്രഹത്തിലെ മുന്നണിപ്പോരാളിയായി തന്തൈ പെരിയാറെ വിശേഷിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ തമിഴ്‌നാട് നിയമസഭാ ചട്ടം 110 പ്രകാരം വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി പ്രമാണിച്ച് വെള്ളിയാഴ്ച സഭയിൽ നടത്തിയ പ്രഖ്യാപനങ്ങളെ ചരിത്രപരം എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യൻ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായി തമിഴ്‌നാട് മുഖ്യമന്ത്രി വൈക്കം സമരത്തെ വിശേഷിപ്പിച്ചു. പിൽക്കാലത്ത് നടന്ന എല്ലാ ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങൾക്കും മാതൃകയായത് വൈക്കം സത്യാഗ്രഹത്തിന്റെ വിജയമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യഗ്രഹത്തിന് നേതൃത്വം നൽകാൻ കേരളത്തിലെത്തിയ പെരിയാർ രണ്ട് തവണ അറസ്റ്റ് ചെയ്യപ്പെടുകയും അരൂക്കുറ്റി പോലീസ് സ്‌റ്റേഷനിലും തിരുവനന്തപുരം ജയിലിലും മാസങ്ങൾ തടവിൽ കഴിയേണ്ടിവന്നതും തമിഴ്‌നാട് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.