കോന്നി ഗവ.മെഡിക്കൽ കോളേജിൽ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

post

കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. .കിഫ്ബി യിൽ നിന്നും അനുവദിച്ച 352 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. രണ്ടാം ഘട്ടത്തിൽ പ്രധാനമായും നിർമ്മിക്കുന്നത് 200 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടമാണ്. നിർമ്മാണം പൂർത്തിയായാൽ 300 കിടക്കകളുള്ള നിലവിലെ കെട്ടിടവുമായി പുതിയ കെട്ടിടം ബന്ധിപ്പിക്കും. അതോടെ 500 കിടക്കകളുള്ള ആശുപത്രിയായി മെഡിക്കൽ കോളേജ് മാറും.

രണ്ടാം ഘട്ടത്തിൽ ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും ഹോസ്റ്റൽ നിർമ്മാണവും നടക്കുകയാണ്. ജൂൺ മാസത്തിൽ ഹോസ്റ്റലിൽ കുട്ടികളുടെ പ്രവേശനം സാധ്യമാകത്തക്ക നിലയിൽ വേഗത്തിലാണ് ഹോസ്റ്റൽ നിർമ്മാണം നടക്കുന്നത്. ആൺകുട്ടികൾക്ക് 5 നിലയിലും, പെൺകുട്ടികൾക്ക് 6 നിലയിലുമുള്ള ഹോസ്റ്റലാണ് പൂർത്തിയാകുന്നത്.

ജീവനക്കാർക്ക് താമസിക്കുന്നതിന് 11 നിലകളുള്ള ഫ്ലാറ്റിൻ്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. നാല് ടവറുകളായാണ് ഫ്ലാറ്റ് നിർമ്മിക്കുന്നത്.160 ജീവനക്കാക്കും, കുടുംബാംഗങ്ങൾക്കും ഫ്ലാറ്റിൽ താമസ സൗകര്യമുണ്ടായിരിക്കും. ലോൺട്രി ബ്ലോക്കിൻ്റെ നിർമ്മാണവും 80 ശതമാനം പൂർത്തിയായി. മെഡിക്കൽ കോളേജിൻ്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, മോർച്ചറി, ആയിരം പേർക്കിരിക്കാവുന്ന ആഡിറ്റോറിയം, പ്രിൻസിപ്പാളിനു താമസിക്കുന്നതിനുള്ള ഡീൻ വില്ല എന്നിവയും രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി നിർമ്മാണത്തിലുണ്ട്.

ഗൈനക്കോളജി വിഭാഗം

നിലവിലുള്ള ആശുപത്രി കെട്ടിടത്തിൽ ലക്ഷ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഗൈനക്കോളജി വിഭാഗത്തിൻ്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഗൈനക്കോളജി ഓപ്പറേഷൻ തീയറ്റർ, ഡലിവറി റൂം, വാർഡ് തുടങ്ങിയവ അത്യാധുനിക രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി എൻ.എച്ച്.എമ്മിൽ നിന്നും 3.3 കോടി രൂപയാണ് ചെലവഴിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാക്കോസ് ആണ് നിർമ്മാണം നടത്തിയത്.

പീഡിയാട്രിക്ക് ഐ.സി.യു

പീഡിയാട്രിക്ക് ഐ.സി.യു നിർമ്മാണം പൂർത്തീകരിച്ചു. എൽ.എച്ച്.എം ഫണ്ടിൽ നിന്നും 16 ലക്ഷം ഉപയോഗിച്ച് എച്ച്.എൽ.എൽ.ആണ് നിർമ്മാണം പൂർത്തിയാക്കിയത്. സർജിക്കൽ ഐ.സി.യുവിൻ്റെ ഇൻ്റീരിയൽ വർക്ക് പൂർത്തിയാക്കാൻ കെ.എം.എസ്.സി.ൽ നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ ഐ.സി.യു.വിൻ്റെ നിർമ്മാണവും കെ.എം.എസ്.സി.ൽ ആണ് നടത്തുന്നത്.

മോഡുലാർ ഓപ്പറേഷൻ തീയറ്റർ

അഞ്ച് മോഡുലാർ ഓപ്പറേഷൻ തീയറ്ററുകൾ കെ.എം.എസ്.സി.ൽ ആണ് ഏറ്റെടുത്ത് നിർമ്മാണം നടത്തുന്നത്. 50 ശതമാനം നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ഇനിയും സ്റ്റെയിൻലെസ് സ്റ്റീൽ പാനൽ എത്തിച്ചേരാനുണ്ട്. അതിനു ശേഷം ഒ.റ്റി.ഇൻറഗ്രേഷൻ കൂടി പൂർത്തിയാക്കിയാൽ ഓപ്പറേഷൻ തീയറ്റർ പ്രവർത്തനസജ്ജമാകും.

മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ

മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ നിർമ്മാണം 90 ശതമാനവും പൂർത്തിയായി. ഓക്സിജൻ പ്ലാൻ്റിൽ നിന്നും പൈപ്പ് ലൈനിലൂടെയാണ് ഓക്സിജൻ ഓപ്പറേഷൽ തീയറ്ററിലും, ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലും എത്തിക്കുന്നത്.

മോഡുലാർ രക്ത ബാങ്ക്

മോഡുലാർ രക്ത ബാങ്കിൻ്റെ നിർമ്മാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ശ്രമം. രക്ത ബാങ്കിനുള്ള എൻ.ഒ.സി ലഭ്യമായി. ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേരളാ ഡ്രഗ് കൺട്രോളർ ഓഫീസിൽ നിന്നുമാണ് ലൈസൻസ് ലഭിക്കേണ്ടത്.

കിഫ്ബിയിൽ നിന്നും 1.28 കോടി രൂപയുടെ ഉപകരണങ്ങളാണ് മോഡുലാർ രക്ത ബാങ്കിൽ സ്ഥാപിക്കുന്നത്. രക്തത്തിൽ നിന്നും ഘടകങ്ങൾ വേർതിരിക്കുന്നതിന് 45 ലക്ഷം വിലവരുന്ന ക്രയോ ഫ്യൂജ് , എലിസ പ്രൊസസർ ഉൾപ്പടെ 22 ഉപകരണങ്ങളാണ് കഫ്ബി ധന സഹായത്തിൽ കേരളാ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ സപ്ലൈ ഓർഡർ നല്കിയിട്ടുള്ളത്. രക്തം ശേഖരിക്കുന്നതിനുള്ള ഫ്രിഡ്ജ്, ഫ്രീസർ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും.

സപ്ലൈ ഓർഡർ നല്കിയ 22 ഉപകരണങ്ങളിൽ മൾട്ടി ഫങ്ഷണൽ കൗച്ച് മൂന്ന് എണ്ണം ലഭ്യമായിട്ടുണ്ട്. ക്രോസ് മാച്ച് ചെയ്യുന്നതിനുള്ള ജെൽ കാർഡ് സെൻട്രി ഫ്യൂജ് 2 എണ്ണവും, ബ്ലഡ് എടുക്കാൻ ഉപയോഗിക്കുന്ന ബ്ലഡ് കളക്ഷൻ മോണിട്ടേഴ്സ് 3 എണ്ണവും കമ്പനികൾ എത്തിച്ചു നല്കിയിട്ടുണ്ട്. മറ്റു കമ്പനികളും ഉപകരണങ്ങൾ ഉടൻ തന്നെ എത്തിച്ചു നല്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫെഡറൽ ബാങ്ക് 8.5 ലക്ഷം രൂപയുടെ സഹായവും നല്കിയിട്ടുണ്ട്.ഉപകരണങ്ങൾ ലഭ്യമായാൽ ഉടൻ തന്നെ ലൈസൻസ് ലഭ്യമാക്കാൻ കഴിയും. ഒരു മാസത്തിനുള്ളിൽ രക്ത ബാങ്ക് പ്രവർത്തനം ആരംഭിക്കാൻ കഴിയുന്ന നിലയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

സി.ടി.സ്കാൻ

സി.ടി.സ്കാൻ പൂർണ്ണ പ്രവർത്തനസജ്ജമായി. 5 കോടി ചെലവഴിച്ചാണ് ജി.ഇ.ഹെൽത്ത് കെയർ കമ്പനിയുടെ അത്യാധുനിക സി .ടി .സ്കാൻ സംവിധാനം മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയത്. ഇതോടെ രോഗനിർണ്ണയം വേഗത്തിൽ നടത്തി രോഗികൾക്ക് ആധുനിക ചികിത്സ ഉറപ്പാക്കാൻ കഴിയും.

സി.ടി.സ്കാൻ മുറി, സി.ടി. പ്രിപ്പറേഷൻ മുറി, സി.ടി.കൺസോൾ, സി.ടി. റിപ്പോർട്ടിംഗ് മുറി, റേഡിയോളജി സ്റ്റോർ മുറി, യു.പി.എസ് മുറി, ഡോക്ടർമാർക്കും, നേഴ്സിംഗ് ഓഫീസർമാർക്കുമുള്ള മുറികൾ തുടങ്ങിയ സംവിധാനങ്ങളും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.


മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 24ന് കോന്നി ഗവ.മെഡിക്കൽ കോളേജ് സന്ദർശിക്കും. മെഡിക്കൽ കോളേജിലെ അക്കാദമിക്ക് ബ്ബോക്കിൻ്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മെഡിക്കൽ കോളേജിലെത്തി നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.