പാറശാല സർക്കാർ ആയുർവേദ ആശുപത്രിക്ക് പുതിയ ഐ.പി ബ്ലോക്ക്

post

മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പാറശാല സർക്കാർ ആയുർവേദ ആശുപത്രിയിൽ വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രതിദിനം ഇരുന്നൂറ്റമ്പതിലധികം രോഗികളാണ് പാറശാല സർക്കാർ ആയൂർവേദ ആശുപത്രിയിൽ വിവിധ ചികിത്സകൾക്കായി എത്തുന്നത്. പുതിയ ഐ.പി ബ്ലോക്ക് കൂടി എത്തുന്നതോടെ ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാനാകും. പ്രസൂതി ഗൈനക് വിഭാഗം ചികിത്സയും ഭിന്നശേഷി കുട്ടികൾക്കായുള്ള സ്‌നേഹധാര പദ്ധതിയും മികച്ച രീതിയിൽ നടത്തി വരുന്നു. ജില്ലയുടെ അതിർത്തി പ്രദേശത്തായതിനാൽ തമിഴ്‌നാട്ടിൽ നിന്നുള്ളവരും ചികിത്സക്കായി പാറശാല ആയുർവേദ ആശുപത്രിയെ ആശ്രയിക്കാറുണ്ട്.

 ആശുപത്രിയിലെ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ നിർവഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് മൂന്ന് നിലയുള്ള ഐ.പി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.