ബേക്കല്‍ സബ് ഡിവിഷന്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

post

 കാസർഗോഡ് ബേക്കല്‍ സബ് ഡിവിഷന്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോൺഫറൻസിങ്ങിലൂടെ നിര്‍വഹിച്ചു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഒരു കോടി 14 ലക്ഷം രൂപ ചെലവഴിച്ച് പെരിയാട്ടടുക്കത്താണ് ബേക്കല്‍ സബ് ഡിവിഷന്‍ പൊലീസ് കണ്‍ട്രോള്‍ റൂം നിര്‍മിക്കുന്നത്. സബ് ഡിവിഷന്‍ കണ്‍ട്രോള്‍ റൂം നിലവില്‍ വരുന്നതോടെ ആറ് പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം സബ് ഡിവിഷന് കീഴിലായിരിക്കും. ആദൂര്‍, മേല്‍പറമ്പ്, രാജപുരം, ബേഡകം, അമ്പലത്തറ, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളിലെ ക്രമസമാധാന പരിപാലനം കൂടുതല്‍ കാര്യക്ഷമമാവും. കൂടുതല്‍ പൊലീസും വാഹനവും ഏര്‍പ്പെടുത്തുന്നതോടെ അത്യാവശ്യഘട്ടങ്ങളില്‍ പൊലീസിന് അതിവേഗം സംഭവ സ്ഥലത്ത് എത്തിചേരാനാകും. സി.സി.ടി.വി ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും.