സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹൃദമാക്കും: മുഖ്യമന്ത്രി

post

കാസര്‍കോട് പുതിയതായി നിര്‍മ്മിച്ച ജില്ലാ പോലീസ് മേധാവിയുടെ ചേമ്പര്‍, നവീകരിച്ച മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഹാള്‍, വിസിറ്റിങ് ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സ് എന്നിവയുടേതടക്കം സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നവീകരിച്ച നിര്‍മ്മിതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നും സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹൃദമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ പോലീസ് സ്റ്റേഷന്‍, വനിതാ സെല്‍, പ്രത്യേക വനിതാ ബെറ്റാലിയന്‍, അപരാജിത, പിങ്ക് പോലീസ്, നിഴല്‍, വനിതാ സ്വയം പ്രതിരോധ സംഘം ഇങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. ഇതോടൊപ്പമാണ് കേരളത്തിലെ ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹൃദമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസിന്റെ കുറ്റാന്വേഷണ മികവ് അംഗീകരിക്കപ്പെട്ടു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുതകുന്ന മികച്ച ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ 18 പദ്ധതികളാണ് ഇന്ന് ഒരേ സമയം ഉദ്ഘാടനം ചെയ്തത്. പോലീസ് സ്റ്റേഷനുകള്‍ ജനസൗഹൃദ കേന്ദ്രങ്ങളാകുന്നതിനും സേവനങ്ങള്‍ എളുപ്പത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിനും ആധുനികവത്ക്കരണം ആവശ്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.