'എന്റെ സംരംഭം നാടിന്റെ അഭിമാനം': പൊന്നാനി താലൂക്കിൽ തുടങ്ങിയത് 1236 സംരംഭങ്ങൾ

post

തൊഴിൽ ലഭിച്ചത് 2886 പേർക്ക്

സംസ്ഥാന സർക്കാരിന്റെ 'എന്റെ സംരംഭം നാടിന്റെ അഭിമാനം' എന്ന പദ്ധതി മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ മികച്ച രീതിയിൽ പുരോഗമിക്കുന്നു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുന്നതിന്റെ ഭാഗമായി പൊന്നാനി താലൂക്ക് പരിധിയിലെ ഒമ്പത് പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി ആരംഭിച്ചത് 1236 സംരംഭങ്ങൾ. ഇതുവഴി 2886 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇക്കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഭക്ഷ്യസംസ്‌കരണം, വസ്ത്രനിർമാണം, ഐസ് പ്ലാന്റ്, കരകൗശല-ലെതർ-പേപ്പർ ഉത്പന്നങ്ങൾ തുടങ്ങിയ വ്യവസായങ്ങളും ടൂറിസം, ഡി.ടി.പി ഓൺലൈൻ സർവീസ് സെന്ററുകൾ, ബ്യൂട്ടി പാർലറുകൾ, ഓട്ടോ-മൊബൈൽ വർക്ക്ഷോപ്പുകൾ, ഇലക്ട്രോണിക് പ്രൊഡക്ട്‌സ്, മെഡിക്കൽ ലാബ്, മെഡിക്കൽ എക്വിപ്‌മെന്റ്സ് നിർമാണം, ജിം ആന്റ് യോഗ പാർലറുകൾ തുടങ്ങി വിവിധ മേഖലകളിലായാണ് 1236 സംരംഭങ്ങൾ താലൂക്കിൽ പുതിയതായി ആരംഭിച്ചത്. വട്ടംകുളം-174, എടപ്പാൾ-107, തവനൂർ-125, കാലടി-82 ഉൾപ്പെടെ പൊന്നാനി ബ്ലോക്കിൽ 488ഉം നന്നംമുക്ക്-106, ആലംകോട്-115, വെളിയംകോട്-105, പെരുമ്പടപ്പ്-90, മാറഞ്ചേരി-106 എന്നിങ്ങനെ പെരുമ്പടപ്പ് ബ്ലോക്ക് പരിധിയിൽ 522 സംരംഭങ്ങളും പൊന്നാനി നഗരസഭാ പരിധിയിൽ 226 സംരംഭങ്ങളുമാണ് ആരംഭിച്ചത്.

പദ്ധതിയുടെ ഭാഗമായി സംരംഭകർക്കായി പ്രത്യേക പരിശീലനവാും ശിൽപശാലകളും ആവശ്യമായ സാങ്കേതിക സഹായങ്ങളും ജില്ലാ വ്യവസായ വകുപ്പിന്റെയും പൊന്നാനി താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിൽ നൽകിയിരുന്നു. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശിൽപശാല ഏകോപിപ്പിക്കാനും സബ്‌സിഡി, വായ്പ മറ്റ് സേവനങ്ങൾ എന്നിവയെ സംബന്ധിച്ച് സംരംഭകരെ ബോധവത്കരിക്കാനുമായി 12 ഇന്റേണുകളെ പഞ്ചായത്തുകളിലും നഗരസഭയിലുമായി നിയമിച്ചിട്ടുണ്ട്. താലൂക്ക് വ്യവസായ ഓഫീസറുടെ മേൽനോട്ടത്തിലാണ് ഇവരുടെ പ്രവർത്തനം. സംരംഭകർക്ക് സഹായം ഉറപ്പാക്കാൻ അതത് തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്‌ക്കും ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിവിധ സഹായ പദ്ധതികളും സംരംഭകർക്കായി നൽകി വരുന്നുണ്ട്.

നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി, ഒരു കുടുംബം ഒരു സംരംഭം പദ്ധതി, നാനോ ഗാർഹിക സംരംഭങ്ങൾക്കുള്ള പലിശയിളവ് പദ്ധതി, പ്രവർത്തന രഹിതമായ എം.എസ്.എം.ഇകൾക്കും കശുവണ്ടി സംസ്‌കരണ യൂണിറ്റുകൾക്കുമുള്ള പുനരുജ്ജീവന പുനരധിവാസ പദ്ധതി, നൈപുണ്യ സംരംഭക വികസന സൊസൈറ്റികൾക്കുള്ള സഹായം, കരകൗശല വിദഗ്ധർക്കുള്ള സഹായം ഉൾപ്പടെ വ്യവസായ വകുപ്പിന്റെയും മറ്റു ഇതര വകുപ്പുകളുടെയും സബ്‌സിഡി സ്‌കീമുകളും സംരംഭകർക്കായി നിലവിലുണ്ട്.